കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനായ മികേൽ സ്റ്റാറെ നിയമിച്ചത് രണ്ടു ദിവസങ്ങൾക്കു മുൻപാണ്.ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെ ആവേശത്തോടുകൂടിയാണ് ഇതിന് സ്വീകരിച്ചിട്ടുള്ളത്. പുതിയ പരിശീലകന്റെ ഭൂതകാലം അവർ ചികഞ്ഞ് പരിശോധിച്ചു കഴിഞ്ഞു. പരിശീലകനെ കുറിച്ച് ഒരു സമ്മിശ്രമായ അഭിപ്രായമാണെങ്കിലും അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് തുണയാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശക്തി ഇതിനു മുൻപ് ഒരുപാട് തവണ ഫുട്ബോൾ ലോകം കണ്ടതാണ്. സാമൂഹിക മാധ്യമങ്ങളിലും സ്റ്റേഡിയങ്ങളിലും ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആരാധകരുടെ കരുത്ത് പ്രകടിപ്പിക്കാറുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്ലബ്ബുകളിലൊന്ന് കൂടിയാണ് ബ്ലാസ്റ്റേഴ്സ്.ഈ ആരാധകർ തന്നെയാണ് സ്വീഡിഷ് പരിശീലകനെ ഇങ്ങോട്ട് ആകർഷിച്ചിട്ടുള്ളതും.
ഓരോ മത്സരവും വീക്ഷിക്കാൻ വരുന്ന 30000ത്തോളം ആരാധകർ തന്നെ ആകർഷിച്ചു എന്നുള്ള കാര്യം സ്റ്റാറെ തന്നെ തുറന്നു പറഞ്ഞിരുന്നു. ഏതായാലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്ത് ഈ പരിശീലകന് ഇപ്പോൾ വ്യക്തമായിട്ടുണ്ടാകും. എന്തെന്നാൽ അദ്ദേഹം ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെ പുതിയ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു.ബ്ലാസ്റ്റേഴ്സ് ആരാധകർ അത് ഏറ്റെടുത്തു കഴിഞ്ഞു.
ഒരൊറ്റ ദിവസത്തിനകം തന്നെ അതിന്റെ ഫോളോവേഴ്സ് ഒരുലക്ഷം പിന്നിട്ട് കഴിഞ്ഞിരുന്നു.ഇപ്പോൾ ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം ഫോളോവേഴ്സുകൾ ഈ അകൗണ്ടിനുണ്ട്. മറ്റൊരിടത്തും ലഭിക്കാത്ത അത്ര പിന്തുണയാണ് ആരാധകരിൽ നിന്നും ഈ പരിശീലകന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ അതിനെ പകരമായി അദ്ദേഹം ആരാധകർക്ക് നൽകേണ്ടത് റിസൾട്ടുകളും കിരീടങ്ങളുമാണ്.