കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് സെർബിയൻ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ആണ്. മൂന്ന് തവണയും ക്ലബ്ബിനെ പ്ലേ ഓഫിൽ എത്തിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഒരു തവണ ഫൈനലിൽ എത്തുകയും ചെയ്തു. പക്ഷേ ക്ലബ്ബിനെ ഇക്കാലയളവിൽ കിരീടങ്ങൾ ഒന്നും നേടിക്കൊടുക്കാൻ കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന് തിരിച്ചടിയാവുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം ഇവാന് ക്ലബ്ബ് വിടേണ്ടി വന്നിരുന്നു.
പകരം പുതിയ ഒരു പരിശീലകനെ കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുണ്ട്.സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. അദ്ദേഹത്തെ സഹായിക്കാൻ ബിയോൺ വെസ്ട്രോമും ഫ്രഡറിക്കോ പെരേര മൊറൈസുമുണ്ട്. കൂടാതെ മൊത്തത്തിൽ ഒരു അഴിച്ചു പണി കേരള ബ്ലാസ്റ്റേഴ്സ് ടീമിനകത്ത് നടത്തുന്നുമുണ്ട്. അങ്ങനെ ശുഭപ്രതീക്ഷകളോട് കൂടിയാണ് വരുന്ന സീസണിന് ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഈ പരിശീലകൻ ലൈവിൽ വന്നിരുന്നു. ഇറാനി ഖാൻ ആയിരുന്നു ഈ ലൈവ് ഹോസ്റ്റ് ചെയ്തിരുന്നത്. ഒരുപാട് കാര്യങ്ങളെക്കുറിച്ച് ഈ പരിശീലകൻ സംസാരിച്ചിട്ടുണ്ട്.മുൻപ് ഉണ്ടായിരുന്ന പരിശീലകൻ ക്ലബ്ബിനകത് വളരെ മികച്ച രൂപത്തിലാണ് കാര്യങ്ങളെ കൈകാര്യം ചെയ്തതെന്ന് സ്റ്റാറെ പറഞ്ഞിട്ടുണ്ട്.കൂടാതെ തന്റെ ഫിലോസഫിയെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
സത്യം പറഞ്ഞാൽ മുൻപത്തെ പരിശീലകൻ വളരെ നല്ല രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിട്ടുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോളിൽ ഒരേയൊരു ഫിലോസഫി മാത്രമേ ഉള്ളൂ.അത് വിജയിക്കുക എന്നുള്ളതാണ്.വളരെ വേഗതയാർന്ന ഫുട്ബോൾ കളിക്കണം, പിറകോട്ട് കളിക്കുന്നതിനേക്കാൾ മുൻഗണന മുന്നോട്ടു കളിക്കുന്നതിനാകണം. അങ്ങനെ ആക്രമിച്ച് കളിച്ച് വിജയിക്കണം,ഇതാണ് സ്വീഡിഷ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കാര്യങ്ങൾ വളരെ വ്യക്തമാണ്. അഗ്രസീവായ ഒരു ഫുട്ബോൾ തന്നെ ഇദ്ദേഹത്തിൽ നിന്നും നമുക്ക് കാണാൻ കഴിയും. ആക്രമിച്ച് കളിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ രീതി. കൂടുതൽ വേഗതയുള്ള താരങ്ങളെ ഈ പരിശീലകൻ പരമാവധി ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്. മികച്ച ഒരു പ്രകടനം ഇദ്ദേഹത്തിന് കീഴിൽ കാണാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.