എനിക്ക് ഒരുപാട് കാലമായി അറിയാവുന്നവൻ :പുതിയ അസിസ്റ്റന്റ് പരിശീലകനെ കുറിച്ച് മനസ്സ് തുറന്ന് സ്റ്റാറെ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെയാണ് 2 പരിശീലകരെ കൂടി ടീമിലേക്ക് ആഡ് ചെയ്തത്. നേരത്തെ മുഖ്യ പരിശീലകനായി കൊണ്ട് മികേൽ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് ക്രൂക്ക് വരുമെന്നായിരുന്നു റൂമറുകൾ. നേരത്തെ ബംഗളൂരു എഫ്സിയുടെ അസിസ്റ്റന്റ് പരിശീലകനായിരുന്ന ക്രൂക്ക് തായ്‌ലൻഡിൽ സ്റ്റാറേയുടെ അസിസ്റ്റന്റ് പരിശീലകനായിരുന്നു.
പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് സ്വീഡനിൽ നിന്നാണ് അസിസ്റ്റന്റ് പരിശീലകനെ കൊണ്ടുവന്നിട്ടുള്ളത്.ബിയോൺ വെസ്റ്റ്രോം എന്ന 51കാരനായ പരിശീലകനാണ് സ്റ്റാറെയെ അസിസ്റ്റ് ചെയ്യുക.AIK എന്ന സ്വീഡിഷ് ക്ലബ്ബിൽ ദീർഘകാലം അസിസ്റ്റന്റ് പരിശീലകനായി പ്രവർത്തിച്ച വ്യക്തിയാണ് വെസ്ട്രോം.2009ൽ അവർ ഗോൾഡ് കപ്പ് സ്വന്തമാക്കുമ്പോൾ മുഖ്യ പരിശീലകൻ സ്റ്റാറേയും അസിസ്റ്റന്റ് പരിശീലകൻ വെസ്ട്രോമും ആയിരുന്നു.അദ്ദേഹത്തെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. നേരത്തെ വാസ്ബി യുണൈറ്റഡ് എന്ന ക്ലബ്ബിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
വെസ്ട്രോമിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നതിന് പിന്നാലെ സ്റ്റാറെ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങൾ ഇരുവർക്കും ഒരുപാട് കാലമായി അറിയാമെന്നും വെസ്ട്രോം ഒരു മുതൽക്കൂട്ടാണ് എന്നുമാണ് സ്റ്റാറെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ബിയോൺ കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചിംഗ് സ്റ്റാഫിൽ എത്തുന്നു എന്നത് എനിക്ക് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്.ഒരുപാട് കാലമായി എനിക്ക് അറിയാവുന്ന വ്യക്തിയാണ് ബിയോൺ. ഞങ്ങൾ ഇരുവരും വ്യത്യസ്ത റോളുകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. ഒരിക്കൽ കൂടി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞാൻ വളരെയധികം സന്തോഷം പ്രകടിപ്പിക്കുന്നു. വളരെയധികം പരിചയസമ്പത്തുള്ള ഫുട്ബോൾ പ്രൊഫഷണൽ ആണ് അദ്ദേഹം. തീർച്ചയായും അദ്ദേഹം നമ്മുടെ കോച്ചിംഗ് ടീമിനെ ഡെപ്ത്ത് നൽകും.അദ്ദേഹം ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും,ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
യൂറോപ്പിലെ പരിചയസമ്പത്ത് കേരള ബ്ലാസ്റ്റേഴ്സിന് ഗുണകരമാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ക്ലബ്ബ് രൂപീകരിച്ചിട്ട് ഇപ്പോൾ 10 വർഷം പിന്നിട്ടു കഴിഞ്ഞു.ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. അതിന് അറുതി വരുത്താൻ ഈ സ്വീഡിഷ് പരിശീലകർക്ക് കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.