നിരവധി രാജ്യങ്ങളിലെ പരിചയസമ്പത്തുമായി വരുന്നയാൾ:സെറ്റ്പീസ് പരിശീലകനെ പ്രശംസിച്ച് സ്റ്റാറെ

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസംഘം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഇന്നലെ 2 പുതിയ പരിശീലകരെ നിയമിച്ച പ്രഖ്യാപനത്തോടൊപ്പം രണ്ടുപേരെ നിലനിർത്തിയ പ്രഖ്യാപനവും കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായ ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടിരുന്നു. പകരം സ്വീഡിഷ് പരിശീലകനായ മികേൽ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു. അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക്‌ ഡോവനും ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരുന്നു. ആ സ്ഥാനത്തേക്ക് എത്തിയിട്ടുള്ളത് ബിയോൺ വെസ്ട്രോം എന്ന സ്വീഡിഷ് പരിശീലകനാണ്.

ഇതിനൊക്കെ പുറമേ ഇന്നലെ ബ്ലാസ്റ്റേഴ്സ് ഒരു സെറ്റ് പീസ് പരിശീലകനെ നിയമിച്ചിരുന്നു. പോർച്ചുഗീസുകാരനായ ഫ്രഡറിക്കോ പെരേര മൊറൈസ് എന്ന പരിശീലകനെയാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്. ഇതിന് പുറമേ ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകൻ പുരുഷോത്തമൻ, ഗോൾകീപ്പിംഗ് പരിശീലകൻ സ്ലാവൻ എന്നിവർ തുടരും എന്നുള്ള കാര്യം ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ആരാധകരെ എക്സയ്റ്റഡാക്കിയിട്ടുള്ളത് സെറ്റ് പീസുകൾ മെച്ചപ്പെടുത്താൻ ക്ലബ്ബ് ഒരു പ്രത്യേക പരിശീലകനെ തന്നെ നിയമിച്ചു എന്നതാണ്.മൊറൈസിൽ ആരാധകർ ഇപ്പോൾ വളരെയധികം പ്രതീക്ഷകൾ അർപ്പിക്കുന്നുണ്ട്.ഒരുപാട് പരിചയസമ്പത്തോടുകൂടിയാണ് അദ്ദേഹം വരുന്നത്.

പോർച്ചുഗലിലെ ഒരു ക്ലബ്ബിനെ പരിശീലിപ്പിച്ചു കൊണ്ടാണ് അദ്ദേഹം കരിയർ ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം ഫ്രഞ്ച് ക്ലബ് ആയ മൊണാക്കോയിൽ രണ്ടുവർഷം പ്രവർത്തിച്ചു. സൂപ്പർ താരം കിലിയൻ എംബപ്പേ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. പിന്നീട് ഒരു ഇംഗ്ലീഷ് ക്ലബ്ബിലും അതിനുശേഷം ഒരു നോർവീജിയൻ ക്ലബ്ബിലും ഈ പരിശീലകൻ ഉണ്ടായിരുന്നു. അങ്ങനെ ഒരുപാട് അനുഭവത്തോടുകൂടിയാണ് അദ്ദേഹം വരുന്നത് എന്ന കാര്യം ബ്ലാസ്റ്റേഴ്സ് പരിശീലകൻ മികേൽ സ്റ്റാറെ തന്നെ ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

ഒരുപാട് രാജ്യങ്ങളിൽ പരിശീലിപ്പിച്ച പരിചയസമ്പത്തുമായാണ് ഫ്രഡറിക്കോ വരുന്നത്. അതിന്റെതായ അറിവും അദ്ദേഹത്തിനുണ്ട്. ട്രെയിനിങ്ങിന്റെ കാര്യത്തിലും വിശകലനത്തിന്റെ കാര്യത്തിലും സെറ്റ് പീസുകളുടെ കാര്യത്തിലും വളരെ ആധുനികമായ സമീപനമാണ് അദ്ദേഹത്തിനുള്ളത്.അത് വളരെ വലിയ ഒരു കരുത്താണ്. ടീമിന്റെ ഡെവലപ്മെന്റിൽ വളരെ വലിയ പങ്കുവഹിക്കാൻ അദ്ദേഹത്തിന് കഴിയും. മത്സരങ്ങളിലും പരിശീലനത്തിലും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ്,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

സെറ്റ്പീസുകൾ എല്ലാ കാലവും കേരള ബ്ലാസ്റ്റേഴ്സിന് ഒരു തലവേദനയായിരുന്നു. അത് ഇത്തവണയോടുകൂടി പരിഹരിക്കാൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Frederico PereiraKerala BlastersMikael Stahre
Comments (0)
Add Comment