കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സംഘത്തിൽ കാതലായ മാറ്റങ്ങളാണ് ഇത്തവണ സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷക്കാലം ക്ലബ്ബിനെ പരിശീലിപ്പിച്ച ഇവാൻ വുക്മനോവിച്ചിന് സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക് ഡോവനും കേരള ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുണ്ട്. മുഖ്യ പരിശീലകനായി കൊണ്ട് സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്സ് നിയമിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് ബിയോൺ വെസ്ട്രോമാണ് ഉണ്ടാവുക.
ഒരു സെറ്റ് പീസ് പരിശീലകനെ കൂടി ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുണ്ട്.ഫ്രഡറിക്കോ മൊറൈസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സെറ്റ് പീസ് പരിശീലകൻ. മുൻപ് ഉണ്ടായിരുന്ന ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകനും ഗോൾകീപ്പിംഗ് പരിശീലകനും ക്ലബ്ബിൽ തുടരുക തന്നെ ചെയ്യും. പുതുതായി കൊണ്ടുവന്ന രണ്ട് പരിശീലകരെയും നന്നായി അറിയുന്ന വ്യക്തിയാണ് സ്റ്റാറേ.
തന്റെ കോച്ചിംഗ് സ്റ്റാഫിനെ കുറിച്ചുള്ള അഭിപ്രായം ഇപ്പോൾ ഈ പരിശീലകൻ പങ്കുവെച്ചിട്ടുണ്ട്. വളരെയധികം എക്സ്പീരിയൻസുള്ള മികച്ച വ്യക്തികളാണ് ഉള്ളത് എന്നാണ് സ്റ്റാറേ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ടിരിക്കുന്നത് ഇങ്ങനെയാണ്.
വളരെയധികം എക്സ്പീരിയൻസ് ഉള്ള ഗ്രേറ്റ് ആയിട്ടുള്ള ആളുകളാണ് കോച്ചിംഗ് സ്റ്റാഫിൽ ഉള്ളത്.ഞങ്ങൾ വളരെ നല്ല രീതിയിൽ തന്നെ കണക്ട് ചെയ്യുന്നുണ്ട്.ഞങ്ങൾക്ക് പരസ്പരം നന്നായി മനസ്സിലാകുന്നുണ്ട്.എല്ലാവർക്കും വ്യത്യസ്ഥ റോളുകളാണുള്ളത്. ഞങ്ങൾ പരസ്പരം നന്നായി ഇണങ്ങി ചേർന്ന് പ്രവർത്തിക്കും.എല്ലാവരും റെഡിയായി കഴിഞ്ഞിട്ടുണ്ട്, ഇതാണ് സ്റ്റാറെ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ക്ലബ്ബിന്റെ ചരിത്രത്തിൽ കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. അതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുതിയ കോച്ചിംഗ് സ്റ്റാഫും കടന്നുവരുന്നത്. യൂറോപ്പിലെ പരിചയ സമ്പത്ത് തുണയാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.