കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മികയേൽ സ്റ്റാറെക്ക് കീഴിൽ ബ്ലാസ്റ്റേഴ്സ് ബൂട്ടണിയുന്നത് കാണാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്. അടുത്തമാസം തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ഒരുക്കങ്ങൾ ആരംഭിക്കും.തായ്‌ലാൻഡിൽ വച്ചുകൊണ്ടാണ് ഇത്തവണ പ്രീ സീസൺ അരങ്ങേറുന്നത്.മൂന്ന് മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് അവിടെ കളിക്കും എന്നാണ് റിപ്പോർട്ടുകൾ. അതിനുശേഷം ഡ്യൂറന്റ് കപ്പിനായി ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലേക്ക് തിരിച്ചെത്തും.
ക്ലബ്ബിനകത്ത് കാര്യമായ മാറ്റങ്ങൾ ഇപ്പോൾ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. പല താരങ്ങളും ക്ലബ്ബ് വിട്ട് പുറത്തുപോയി.ദിമി,ചെർനിച്ച്,സക്കായ്,ലെസ്ക്കോവിച്ച് തുടങ്ങിയ വിദേശ താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു. ഒരു സൈനിങ്ങ് ആണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗോൾ കീപ്പർ സോം കുമാറിനെ കൊണ്ടുവന്ന വിവരമാണ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതൽ ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ ഇനി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറെ നിരവധി കാര്യങ്ങളെക്കുറിച്ച് ഈയിടെ ഇൻസ്റ്റഗ്രാം ലൈവിൽ സംസാരിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസുമായുള്ള ബന്ധത്തെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിലെ എല്ലാ താരങ്ങളെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ സ്പോർട്ടിങ് ഡയറക്ടറെ അറിയിച്ചിട്ടുണ്ട് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഞാനും കരോലിസും തമ്മിൽ ദിവസവും സംസാരിക്കാറുണ്ട്.എല്ലാ താരങ്ങളെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകളും ഞാൻ അദ്ദേഹവുമായി പങ്കുവെച്ചിട്ടുണ്ട്.ഞങ്ങൾ തമ്മിൽ നല്ല ഒരു ബന്ധമാണ് ഉള്ളത്.എല്ലാം തുറന്നു സംസാരിക്കാറുണ്ട്. അത് വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ” ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സ് പരിശീലകനും സ്പോർട്ടിങ് ഡയറക്ടറും തമ്മിൽ കൃത്യമായ കമ്മ്യൂണിക്കേഷൻ ഇപ്പോൾ നടക്കുന്നുണ്ട്. ഏതൊക്കെ താരങ്ങളെ ഒഴിവാക്കണം? ഏതൊക്കെ താരങ്ങളെ നിലനിർത്തണം? ഏതൊക്കെ താരങ്ങളെ കൊണ്ടുവരണം എന്നുള്ളതിലൊക്കെ കൃത്യമായ ചർച്ചകൾ ഇവർ തമ്മിൽ നടക്കുന്നുണ്ട്.