കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറെയിൽ ഏൽപ്പിക്കപ്പെട്ട ദൗത്യം വളരെ വലുതാണ്. ക്ലബ്ബ് രൂപം കൊണ്ടിട്ട് ഇപ്പോൾ 10 വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു. ഈ 10 വർഷങ്ങൾക്കിടെ ഒരുപാട് കോമ്പറ്റീഷനുകളിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുണ്ട്.നിർഭാഗ്യവശാൽ ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല.മൂന്ന് ഐഎസ്എൽ ഫൈനലുകളിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
അതിന് അറുതി വരുത്തുക എന്നാണ് ഇദ്ദേഹത്തിൽ അർപ്പിക്കപ്പെട്ട ദൗത്യം. വരുന്ന സീസണിൽ ഒരു കിരീടമെങ്കിലും ബ്ലാസ്റ്റേഴ്സിന് നേടി കൊടുക്കേണ്ടതുണ്ട്. ഇക്കാര്യം സ്റ്റാറെ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ആരാധകർക്ക് എന്തെങ്കിലും തിരിച്ച് നൽകാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തന്നോട് ആവശ്യപ്പെട്ടു എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈയിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റഗ്രാം ലൈവിൽ ഈ പരിശീലകൻ പങ്കെടുത്തിരുന്നു.എന്തൊക്കെയാണ് വരുന്ന സീസണിലെ ലക്ഷ്യങ്ങൾ എന്ന് ഇദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. കിരീടങ്ങൾ തന്നെയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കിരീടത്തിൽ കുറഞ്ഞതൊന്നും ഈ പരിശീലകൻ ഉദ്ദേശിക്കുന്നില്ല.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
എനിക്ക് ക്ലബ്ബിന്റെ ഉടമസ്ഥരിൽ നിന്നും മാനേജ്മെന്റിൽ നിന്നും കൃത്യമായ മെസ്സേജ് ലഭിച്ചിട്ടുണ്ട്.വിജയങ്ങളാണ് ക്ലബ്ബ് ആഗ്രഹിക്കുന്നത്.ആരാധകർക്ക് തിരികെ എന്തെങ്കിലും നൽകാൻ ക്ലബ്ബ് ആഗ്രഹിക്കുന്നു. ഞങ്ങൾ എല്ലാ ദിവസവും അതിന് വേണ്ടി വർക്ക് ചെയ്യണം. വളരെ എളിമയോടു കൂടി തുടരുകയും വേണം. എല്ലാം വിജയങ്ങളുമായും കിരീടങ്ങളുമായും ബന്ധപ്പെട്ടാണ് കിടക്കുന്നത്.ഞങ്ങൾക്ക് ട്രോഫികളാണ് വേണ്ടത്,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
തായ്‌ലാൻഡിൽ വെച്ചുകൊണ്ട് അടുത്ത മാസം തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ആരംഭിക്കും. 3 സൗഹൃദ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട് എന്നാണ് സൂചനകൾ. പിന്നീട് ഡ്യൂറന്റ് കപ്പിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് മടങ്ങിയെത്തും.