ഇതിനേക്കാൾ നന്നായി കളിക്കാൻ ഞങ്ങൾക്ക് കഴിയും: വിശദീകരിച്ച് സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലെ ആദ്യ വിജയം ഈസ്റ്റ് ബംഗാളിനെതിരെയാണ് നേടിയത്.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു വിജയം സ്വന്തമാക്കിയത്.ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് പിറകിൽ പോയിരുന്നു. പക്ഷേ നോഹയും പെപ്രയും നേടിയ കിടിലൻ ഗോളുകൾ ക്ലബ്ബിന് വിജയവും അതുവഴി മൂന്ന് പോയിന്റുകളും സമ്മാനിക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ മികച്ച അറ്റാക്കുകൾ നടത്തിയ ബ്ലാസ്റ്റേഴ്സ് പിന്നീട് പിറകിൽ പോവുകയായിരുന്നു. എന്നാൽ ഒരു ഗോൾ വഴങ്ങിയതിനുശേഷം ഗംഭീര പ്രകടനമാണ് നടത്തിയത്. പ്രത്യേകിച്ച് സബ്സിറ്റിറ്റൂഷനുകൾ ഫലം കണ്ടു എന്ന് പറയേണ്ടിവരും.ഐമൻ വന്നപ്പോൾ മുതൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്ന ഒരു ബ്ലാസ്റ്റേഴ്സിനെ തന്നെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെടുകയായിരുന്നു.
മത്സരത്തിൽ എതിരാളികളെക്കാൾ മികച്ച പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെയാണെന്ന് പരിശീലകനായ സ്റ്റാറേ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും അദ്ദേഹം തൃപ്തനല്ല. ഇതിനേക്കാൾ മികച്ച രൂപത്തിൽ കളിക്കാൻ ക്ലബ്ബിന് കഴിയുമെന്നാണ് അദ്ദേഹം നിരീക്ഷിച്ചിട്ടുള്ളത്.സ്റ്റാറേ മത്സരശേഷം പറഞ്ഞത് ഇങ്ങനെയാണ്.
‘ കഴിഞ്ഞ മത്സരത്തേക്കാൾ കൂടുതൽ ഒത്തിണക്കം ഈ മത്സരത്തിൽ ഞങ്ങൾ കാണിച്ചിട്ടുണ്ട്.ചില സമയങ്ങളിൽ മത്സരത്തെ വിശകലനം ചെയ്യുക എന്നുള്ളത് എളുപ്പമുള്ള കാര്യമാണ്. തീർച്ചയായും ഇന്ന് കൂടുതൽ പന്തടക്കം കൈവരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.പക്ഷേ ഭാവിയിൽ ഇതിനേക്കാൾ മികച്ച രൂപത്തിൽ കളിക്കാൻ ഞങ്ങൾക്ക് സാധിക്കും ‘ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അടുത്ത മത്സരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. എന്നാൽ ഇത്തവണ എവേ മത്സരമാണ്.ആരാധകരുടെ പിന്തുണ അവിടെ ഉണ്ടാവില്ല.അതില്ലാതെ വിജയിക്കുക എന്ന വെല്ലുവിളിയാണ് ക്ലബ്ബിന് മുന്നിലുള്ളത്. സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന ക്ലബ്ബ് കൂടിയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.