ചിരി പടർത്തി സ്റ്റാറേ, പരിശീലകനെ പൊട്ടിച്ചിരിപ്പിച്ച സംഭവം എന്ത്?
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഡ്യൂറന്റ് കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.മുംബൈ സിറ്റിയുടെ റിസർവ് ടീമായിരുന്നു മത്സരത്തിൽ പങ്കെടുത്തിരുന്നത്. മത്സരത്തിന്റെ ആദ്യ മിനുട്ട് മുതൽ അവസാന മിനിട്ട് വരെ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് കളി നിയന്ത്രിച്ചിരുന്നത്.
അരങ്ങേറ്റ മത്സരത്തിൽ തന്നെ ഹാട്രിക്ക് നേടാൻ സൂപ്പർ താരം നോഹ് സദോയിക്ക് സാധിച്ചു. കൂടാതെ സ്ട്രൈക്കർ പെപ്രയും ഹാട്രിക്ക് സ്വന്തമാക്കിയിട്ടുണ്ട്. പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിറ്റ രണ്ട് ഗോളുകൾ കൂടി നേടിയതോടെ ഡ്യൂറൻഡ് കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് മുംബൈ സിറ്റിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. അതേസമയം അരങ്ങേറ്റ മത്സരത്തിൽ തന്നെ കിടിലൻ വിജയം നേടിയതിന്റെ ആവേശത്തിലാണ് സ്റ്റാറേയുള്ളത്.
ഇതിനിടെ മുംബൈ സിറ്റിയുടെ ഗോൾ വലയുടെ ചോർച്ച ഏറെ ശ്രദ്ധ നേടി. ഒരുപാട് തവണ അത് വ്യക്തമായിരുന്നു.പെപ്ര ഒരു ഗോൾ നേടിയ സമയത്താണ് അത് കൃത്യമായി തെളിഞ്ഞത്. അദ്ദേഹം ഗോൾ നേടിയതിനുശേഷം പന്ത് വലയിൽ തങ്ങി നിന്നിരുന്നില്ല. മറിച്ച് അത് ഗോൾ വല കീറിയ ഭാഗത്തിലൂടെ പുറത്തേക്ക് പോവുകയായിരുന്നു.ഒറ്റനോട്ടത്തിൽ തെറ്റിദ്ധരിക്കപ്പെടുമെങ്കിലും അത് ഗോൾ തന്നെയായിരുന്നു.
അതുപോലെ നടന്ന മറ്റൊരു സംഭവം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേയിൽ ചിരി പടർത്തിയിട്ടുണ്ട്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 5 ഗോളുകൾക്ക് മുന്നിട്ടുനിൽക്കുന്ന സമയത്താണ് ഇഷാൻ പണ്ഡിറ്റയുടെ ഷോട്ട് വരുന്നത്. ആ ഷോട്ട് പുറത്തേക്കാണ് പോയിട്ടുള്ളത്.പക്ഷേ അതിനുശേഷം അത് തിരികെ വലയിലേക്ക് കയറുകയായിരുന്നു.വലയുടെ കീറിയ ഭാഗത്തിലൂടെയാണ് പുറത്തുനിന്നും അത് ഉള്ളിലേക്ക് കയറിയത്. ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറെയെ പൊട്ടിച്ചിരിപ്പിച്ചത്. മത്സരത്തിൽ കീറിയ ഗോൾ വലകളായിരുന്നു ഉണ്ടായിരുന്നത് എന്നത് ഏവരെയും അതിശയപ്പെടുത്തിയിട്ടുണ്ട്.
പക്ഷേ ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.ബ്ലാസ്റ്റേഴ്സ് അർഹമായ ഗോളുകൾ എല്ലാം നേടിയിരുന്നു. ഏതായാലും തകർപ്പൻ വിജയം നേടിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.ഇനി പഞ്ചാബിനെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉള്ളത്.