മൈക്കിളാശാൻ പൊളിച്ചു, ആദ്യ മത്സരത്തിൽ തന്നെ ക്ലബ്ബിന്റെ റെക്കോർഡ് തകർത്ത് പരിശീലകൻ!

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്.എതിരില്ലാത്ത എട്ട് ഗോളുകൾക്കാണ് മുംബൈ സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.മുംബൈ സിറ്റിയുടെ റിസർവ് ടീമായിരുന്നു ഇന്നലെ കളിച്ചിരുന്നത്.എന്നിരുന്നാലും ഇത്രയും വലിയ ഒരു വിജയം ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.ടീമിലെ എല്ലാ താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്.

അരങ്ങേറ്റ മത്സരത്തിൽ തന്നെ ഹാട്രിക്ക് നേടി കൊണ്ട് നോഹ് സദോയി തിളങ്ങുകയായിരുന്നു. മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്തത് നോഹ് തന്നെയാണ്. അതേസമയം സ്ട്രൈക്കർ ക്വാമെ പെപ്രയും മത്സരത്തിൽ ഹാട്രിക്ക് നേടിയിട്ടുണ്ട്.ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ ഈ താരത്തിന് സാധിക്കുകയായിരുന്നു. ഇതിനൊക്കെ പുറമെ ഇഷാൻ പണ്ഡിറ്റ കൂടി ഗോളുകൾ കണ്ടെത്തുകയായിരുന്നു.രണ്ട് ഗോളുകളായിരുന്നു മത്സരത്തിന്റെ അവസാനത്തിൽ അദ്ദേഹം നേടിയിരുന്നത്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യമായാണ് അദ്ദേഹം ഗോൾ നേടുന്നത്.

മത്സരത്തിന്റെ ആദ്യ മിനിട്ടു മുതൽ അവസാനം മിനിട്ട് വരെ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആക്രമണം സംഘടിപ്പിച്ചത്.നല്ല രൂപത്തിൽ ഒത്തിണക്കം കാണിക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് കഴിഞ്ഞു എന്നതാണ് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യം.പ്രീ സീസണിൽ മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. അതിന്റെ തുടർച്ച എന്നോണമാണ് ബ്ലാസ്റ്റേഴ്സ് ഈ ഒരു ഗംഭീര വിജയം നേടിയിട്ടുള്ളത്. ഇതിന്റെ ക്രെഡിറ്റ് പുതിയ പരിശീലകൻ മികയേൽ സ്റ്റാറേക്ക് കൂടി അവകാശപ്പെട്ടതാണ്. ആരാധകരുടെ മൈക്കിളാശാൻ ഈ ടീമിനെ കൂടുതൽ അഗ്രസീവായി മാറ്റുകയായിരുന്നു.

ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹം ക്ലബ്ബിന്റെ ഒരു റെക്കോർഡ് തകർത്തിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇപ്പോൾ സ്റ്റാറേ സ്വന്തമാക്കിയിരിക്കുന്നത്.ഇതിനു മുൻപ് ഒരു മത്സരത്തിൽ 6 ഗോളുകൾ നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല. അതാണ് ഇപ്പോൾ എട്ട് ഗോളുകളിലേക്ക് മാറിയിട്ടുള്ളത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രം കുറിക്കാൻ സ്റ്റാറേക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഡ്യൂറൻഡ് കപ്പിലെ ഏറ്റവും വലിയ വിജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.ഇതൊക്കെ ആരാധകരെ വല്ലാതെ സന്തോഷം കൊള്ളിക്കുന്നതാണ്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഉള്ളത്. മറ്റൊരു മത്സരത്തിൽ പഞ്ചാബ് CISF പ്രൊട്ടക്ടേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു.അടുത്ത മത്സരത്തിൽ പഞ്ചാബാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ബ്ലാസ്റ്റേഴ്സ് വിജയം തുടരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Kerala BlastersMikael Stahre
Comments (0)
Add Comment