നന്നായി ഉറങ്ങൂ: മിലോസ് ഡ്രിൻസിച്ചിനെ ക്രൂരമായി ട്രോളി ഒഡീഷയുടെ ഐസക്ക് റാൾട്ടെ
ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരം ബ്ലാസ്റ്റേഴ്സ് മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയോട് പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ആദ്യം ദിമിയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയിരുന്നു. എന്നാൽ പിന്നീട് റോയ് കൃഷ്ണ നേടിയ ഇരട്ട ഗോളുകൾ അവർക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് ഈ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരല്പം അശ്രദ്ധമായിരുന്നു. അതുകൊണ്ടുതന്നെയാണ് സെറ്റ് പീസുകളിൽ പോലും കേരളത്തിന് ഗോൾ വഴങ്ങേണ്ടി വന്നിട്ടുള്ളത്.രണ്ടാം പകുതിയിൽ പലപ്പോഴും പ്രതിരോധത്തിന് കൂടുതലായി പരീക്ഷണങ്ങൾ നേരിടേണ്ടി വരികയും ചെയ്തു.മിലോസ് ഡ്രിൻസിച്ചും മാർക്കോ ലെസ്ക്കോവിച്ചുമായിരുന്നു പ്രതിരോധത്തിൽ സെന്റർ ബാക്കുമാരായി കൊണ്ട് ഉണ്ടായിരുന്നത്.
ഈ മത്സരത്തിനിടെ ഒഡീഷയുടെ താരമായ ഐസക്ക് റാൾട്ടെ മികച്ച ഒരു മുന്നേറ്റം നടത്തിയിരുന്നു. വിങ്ങിലൂടെ കുതിച്ചുപാഞ്ഞ അദ്ദേഹത്തെ തടയാൻ ശ്രമിച്ച ഡ്രിൻസിച്ച് പരാജയപ്പെടുകയായിരുന്നു.പരമാവധി ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചിട്ടും ഡ്രിൻസിച്ചിന് സാധിച്ചിരുന്നില്ല.ഒടുവിൽ അദ്ദേഹം നിലത്ത് വീഴുകയായിരുന്നു.ഈ നിലത്ത് വീണ ദൃശ്യം ഒരു ഒഡീഷയുടെ ആരാധകൻ ട്രോളായി കൊണ്ട് ഉപയോഗിച്ചിട്ടുണ്ട്.ഡ്രിൻസിച്ച് നിലത്ത് വീണ് കിടക്കുന്ന ചിത്രത്തിൽ ഒരു ബെഡ് അദ്ദേഹം ഉൾപ്പെടുത്തുകയായിരുന്നു.
സ്ലീപ് വെൽ അഥവാ നന്നായി ഉറങ്ങൂ ഡ്രിൻസിച്ച് എന്നാണ് പരിഹസിച്ചുകൊണ്ട് ക്യാപ്ഷൻ നൽകിയിട്ടുള്ളത്.ഡ്രിൻസിച്ചിനെ മെൻഷൻ ചെയ്തിട്ടുണ്ട്. കൂടാതെ മുന്നേറ്റം നടത്തിയ ഐസക്ക് റാൾട്ടെയെ മെൻഷൻ ചെയ്തു കൊണ്ട് അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ ഐസക്ക് റാൾട്ടെ ഈ സോറി തന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.ഇത് ആരാധകർക്കിടയിൽ ചർച്ചയായി.
ആരാധകർ തമ്മിൽ ഇത്തരത്തിലുള്ള ട്രോളുകൾ ഉണ്ടാവാറുണ്ടെങ്കിലും താരങ്ങൾ അത് പങ്കുവെക്കുന്നത് വളരെ അപൂർവ്വമാണ്. പക്ഷേ ഡ്രിൻസിച്ചിനെ ക്രൂരമായി പരിഹസിച്ചത് റാൾട്ടെ തന്നെ ഷെയർ ചെയ്യുകയായിരുന്നു.ഇക്കാര്യത്തിൽ ചിലർ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇത് ഒരല്പം അധികമായി പോയി എന്നാണ് ചിലരുടെ അഭിപ്രായം. ഏതായാലും ഈ വിഷയത്തിൽ ഏറെ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.