പേരുകെട്ട പ്രതിരോധത്തിന് എന്താണ് പറ്റിയത്? തുറന്ന് പറഞ്ഞ് മിലോസ് ഡ്രിൻസിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യഘട്ടത്തിൽ മിന്നുന്ന പ്രകടനമായിരുന്നു നടത്തിയിരുന്നത്.സൂപ്പർ കപ്പിന് പിരിയുന്നത് വരെ ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു ഉണ്ടായിരുന്നത്.ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി പ്രതിരോധം തന്നെയായിരുന്നു. വളരെ മികച്ച രൂപത്തിലായിരുന്നു പ്രതിരോധനിര കാര്യങ്ങളെ കൈകാര്യം ചെയ്തിരുന്നത്.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. തുടർച്ചയായ തോൽവികൾ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല പ്രതിരോധം വലിയ പരാജയമായി മാറിക്കഴിയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ നിന്നായി നിരവധി ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന് ഇതെന്തുപറ്റി എന്നുള്ളത് ആരാധകരെ അലട്ടുന്ന ഒരു കാര്യമാണ്.
പ്രതിരോധത്തിലെ നിർണായക സാന്നിധ്യമായ മിലോസ് ഡ്രിൻസിച്ചിനോട് ഇക്കാര്യം ചോദിക്കപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി പരാജയത്തിന് കാരണമാകുന്നത് പ്രതിരോധത്തിലെ പിഴവുകളാണ്, എന്താണ് സംഭവിച്ചത് എന്നായിരുന്നു അദ്ദേഹത്തോട് ചോദിക്കപ്പെട്ടത്. പരിക്കുകൾ നൽകിയ വെല്ലുവിളി തന്നെയാണ് അദ്ദേഹം വിശദീകരിച്ചിട്ടുള്ളത്.ഡ്രിൻസിച്ച് പറഞ്ഞത് ഇപ്രകാരമാണ്.
ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രതിരോധം ഞങ്ങളുടേത് തന്നെയാണ് എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ പ്രതിരോധം എന്നത് നിയുക്തരായ നാല് താരങ്ങളുടെ മാത്രം ജോലിയല്ലെന്ന് ഓർമിക്കപ്പെടേണ്ടതുണ്ട്. മുഴുവൻ ടീമും അതിന് പ്രതിജ്ഞാബദ്ധമാണ്. നിർഭാഗ്യവശാൽ നിരവധി പരിക്കുകൾ ഞങ്ങൾക്ക് തടസ്സമായി. അതുകൊണ്ടുതന്നെ സ്റ്റാർട്ടിങ് ലൈനപ്പിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നു.അത് പ്രകടനത്തിലെ സ്ഥിരതയെ ബാധിക്കുകയും ചെയ്തു,ഇതാണ് ഡ്രിൻസിച്ച് പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിയോടാണ് പരാജയപ്പെട്ടത്. അടുത്ത മത്സരത്തിൽ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മാർച്ച് പതിമൂന്നാം തീയതിയാണ് ആ മത്സരം നടക്കുക.