കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് ഒരു പുത്തൻ താരത്തെ എത്തിച്ചത്.മോന്റെനെഗ്രോയിൽ നിന്നും 24 കാരനായ മിലോസ് ഡ്രിൻസിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു.കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം അദ്ദേഹം നടത്തി. ക്ലബ്ബിന്റെ ഭൂരിഭാഗം മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തു. മാനേജ്മെന്റിന്റെ തൃപ്തി പിടിച്ചുപറ്റാൻ കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു.
മാത്രമല്ല താരത്തിനും ക്ലബ്ബിനെയും ആരാധകരെയും വളരെയധികം ഇഷ്ടപ്പെട്ടു.കഴിഞ്ഞ സീസൺ അവസാനിക്കുന്നതിനു മുന്നേ തന്നെ താൻ അടുത്ത സീസണിലും ഇവിടെ കാണുമെന്ന് ഡ്രിൻസിച്ച് വ്യക്തമാക്കിയിരുന്നു.ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കിയിട്ടുണ്ട്.2026 വരെയുള്ള ഒരു പുതിയ കരാറിലാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്.
അതിനുശേഷം കുറച്ചു കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും കളിച്ചത് കൊണ്ട് ടീമിനെയും എതിർ ടീമുകളെയും തനിക്കിപ്പോൾ നന്നായി അറിയാം എന്നാണ് താരം പറഞ്ഞിട്ടുള്ളത്.ആരാധകർ പ്രതീക്ഷിക്കുന്ന കിരീടങ്ങൾ ഇത്തവണ നേടിക്കൊടുക്കാൻ കഴിയുമെന്നുള്ള ഒരു വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.ഡ്രിൻസിച്ചിന്റെ വാക്കുകൾ പരിശോധിക്കാം.
സസ്പെൻഷൻ മൂലം മാറിനിൽക്കേണ്ട മത്സരം മാറ്റി നിർത്തിയാൽ,ബാക്കിയെല്ലാ മത്സരങ്ങളിലും ഞാൻ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഇപ്പോൾ എന്റെ ടീമിനെയും എതിർ ടീമുകളെയും കൂടുതൽ നന്നായി അറിയാം. അടുത്ത കുറച്ചു വർഷത്തിനുള്ളിൽ വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.താരങ്ങളും ആരാധകരും കിരീടങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കിരീടങ്ങൾ കൊണ്ടുവരാനാണ് ഞാൻ ഇവിടെ ഉള്ളത്, ഇതാണ് ഡ്രിൻസിച്ച് പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ തങ്ങളുടെ ആദ്യത്തെ ഔദ്യോഗിക മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്.ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. തായ്‌ലാൻഡിൽ വച്ച് നടന്ന പ്രീ സീസണിൽ തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.