ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സുനിൽ ഛേത്രി ഇന്ന് പടിയിറങ്ങുകയാണ്.വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ഇന്ത്യയും കുവൈത്തും തമ്മിലാണ് ഏറ്റുമുട്ടുക.ഇന്ന് രാത്രി 7 മണിക്ക് കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ചേത്രിയുടെ ഇന്ത്യൻ ജേഴ്സിയിലുള്ള അവസാനത്തെ മത്സരമാണ് ഇത്.
39 വയസ്സുള്ള താരം ഐതിഹാസികമായ ഒരു കരിയറിനാണ് ഇപ്പോൾ വിരാമം കുറിക്കുന്നത്. ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി 150 മത്സരങ്ങൾ കളിച്ച താരം 94 ഗോളുകൾ നേടിയിട്ടുണ്ട്.ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് സുനിൽ ഛേത്രി. ഫുട്ബോൾ ലോകത്തെ ഇന്ത്യയുടെ അഭിമാനമാണ് ഛേത്രി എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അദ്ദേഹത്തിന്റെ അഭാവം തീർച്ചയായും വരും നാളുകളിൽ ഇന്ത്യൻ ടീമിൽ പ്രതിഫലിച്ചു കണ്ടേക്കും.
പടിയിറങ്ങുന്ന സുനിൽ ഛേത്രിക്ക് ക്രൊയേഷ്യൻ ഇതിഹാസമായ ലൂക്ക മോഡ്രിച്ച് സന്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ക്രൊയേഷ്യൻ പരിശീലകനായ ഇഗോർ സ്റ്റിമാച്ചാണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്.മോഡ്രിച്ച് സുനിൽ ഛേത്രിയെ കുറിച്ച് പറയുന്ന വാക്കുകൾ ഇങ്ങനെയാണ്.
ഹലോ സുനിൽ..നിങ്ങളുടെ ദേശീയ ടീമിനോടൊപ്പമുള്ള അവസാന മത്സരത്തിന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളുടെ കരിയറിന് എല്ലാവിധ ആശംസകളും. നിങ്ങൾ ഒരു ഇതിഹാസമാണ്. നിങ്ങളുടെ അവസാനത്തെ മത്സരം സഹതാരങ്ങൾ മറക്കാനാവാത്ത ഓർമ്മയാക്കി തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ക്രൊയേഷ്യയിൽ നിന്നും എല്ലാവിധ ആശംസകളും നേരുന്നു ” ഇതാണ് റയൽ മാഡ്രിഡ് സൂപ്പർ താരം കൂടിയായ ലൂക്ക മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്.
ഇന്നത്തെ മത്സരത്തിൽ സുനിൽ ചേത്രിക്ക് വേണ്ടിയെങ്കിലും ഇന്ത്യ വിജയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നേരത്തെ കുവൈത്തിന് ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.എന്നാൽ അതിനു ശേഷം നടന്ന ആറു മത്സരങ്ങളിൽ അഞ്ചു തോൽവിയും ഒരു സമനിലയും ആണ് ഇന്ത്യയുടെ ഫലം.