കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായി വിവാദ ഗോൾ അനുവദിച്ച് നൽകിയ റഫറിയാണ് ക്രിസ്റ്റൽ ജോൺ.അന്ന് വലിയ പ്രതിഷേധങ്ങൾ നടന്നു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകൻ ഇവാൻ വുക്മനോവിച്ചും മത്സരം ബഹിഷ്കരിക്കുകയായിരുന്നു. എന്നാൽ കടുത്ത ശിക്ഷാ നടപടികളാണ് ഇതിന്റെ പേരിൽ ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടിവന്നത്.ക്രിസ്റ്റൽ ജോണിനെ AIFF സംരക്ഷിക്കുകയും ചെയ്തു.
മാത്രമല്ല റഫറിംഗ് നിലവാരം ഉയർത്താൻ വേണ്ടി ഒന്നും തന്നെ ഇതുവരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ചെയ്തിട്ടില്ല. ഈ സീസണിൽ റഫറിമാരുടെ പിഴവുകൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്. അത് ചൂണ്ടിക്കാണിക്കുന്നവരെ ശിക്ഷിക്കുക എന്നല്ലാതെ അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഫെഡറേഷന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.ക്രിസ്റ്റൽ ജോണിനെതിരെ നിരവധി വിമർശനങ്ങൾ വന്നുകൊണ്ടിരിക്കുന്ന മറ്റൊരു സാഹചര്യം കൂടിയാണ് ഇത്.
മോഹൻ ബഗാനിന്റെ പരിശീലകനായ യുവാൻ ഫെറാണ്ടോ റഫറിയുടെ പേരെടുത്ത് തന്നെ വിമർശിച്ചിട്ടുണ്ട്. തന്റെ താരങ്ങളെ പ്രൊട്ടക്ട് ചെയ്യാത്തതിലാണ് ഈ പരിശീലകൻ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി നല്ല താരങ്ങൾ കളിക്കാൻ ക്രിസ്റ്റൽ ജോൺ ആഗ്രഹിക്കുന്നുണ്ടാവില്ല എന്നും ഇദ്ദേഹം ആരോപിച്ചിട്ടുണ്ട്.ഫെറാണ്ടോ ഗോവക്കെതിരെയുള്ള മത്സരത്തിനു മുന്നേ പറഞ്ഞത് ഇപ്രകാരമാണ്.
ഈ സീസണിൽ ഞങ്ങൾക്ക് ഉണ്ടായിരിക്കുന്ന ഇൻജുറികൾ എല്ലാം തന്നെ കടുത്ത ടാക്കിളുകൾ മുഖാന്തരം വന്നതാണ്. പക്ഷേ റഫറിമാർ എന്റെ താരങ്ങളെ സംരക്ഷിക്കുക എന്നത് അത്യാവശ്യമായ ഒരു കാര്യമാണ്.പക്ഷേ അവർ താരങ്ങളെ പ്രൊട്ടക്ട് ചെയ്യുന്നില്ല.എനിക്ക് ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനില്ല. ഒരുപക്ഷേ റഫറി ക്രിസ്റ്റൽ ജോൺ ഇന്ത്യൻ ദേശീയ ടീം മികച്ച താരങ്ങളെ വെച്ച് കളിക്കുന്നത് ആഗ്രഹിക്കുന്നുണ്ടാവില്ല.പക്ഷേ ഞാൻ ഇതിൽ അമിതമായ ഫോക്കസ് ഒന്നും നൽകുന്നില്ല. റഫറിമാരുടെ ഉത്തരവാദിത്തങ്ങളാണ്,മോഹൻ ബഗാൻ പരിശീലകൻ പറഞ്ഞു.
ക്രിസ്റ്റൽ ജോണിനെതിരെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയർത്തിയത് കേരള ബ്ലാസ്റ്റേഴ്സും ആരാധകരുമാണ്. എന്നാൽ അന്ന് പിന്തുണകൾ ഒന്നും ലഭിച്ചിരുന്നില്ല. പക്ഷേ ഇന്ന് അവർ അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു. മോശം റഫറിംഗ് എല്ലാ ടീമുകളെയും ഗുരുതരമായ രീതിയിൽ തന്നെ ഇപ്പോൾ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.