ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കൊൽക്കത്ത ഡെർബിയിൽ തകർപ്പൻ വിജയമാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്.ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവർ പരാജയപ്പെടുത്തുകയായിരുന്നു.ലോപസ് ഹബാസിന് കീഴിൽ മികച്ച പ്രകടനമാണ് ഇപ്പോൾ മോഹൻ ബഗാൻ പുറത്തെടുക്കുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് പ്രവേശിക്കാൻ മോഹൻ ബഗാന് കഴിഞ്ഞിട്ടുണ്ട്.
17 മത്സരങ്ങളിൽ നിന്ന് 36 പോയിന്റാണ് അവർക്കുള്ളത്. ഇത്തവണത്തെ ഷീൽഡ് സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നുകൂടിയാണ് മോഹൻ ബഗാൻ. ഇനി അവരുടെ അടുത്ത മത്സരം കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ്. ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും ഇതിനു മുൻപ് കൊൽക്കത്തയിൽ വെച്ച് കൊണ്ട് ഏറ്റുമുട്ടിയിട്ടുണ്ട്.അന്ന് വിജയം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ആയിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ അങ്ങനെയല്ല. ബ്ലാസ്റ്റേഴ്സ് മോശം പ്രകടനവും മോഹൻ ബഗാൻ മികച്ച പ്രകടനവുമാണ് നടത്തുന്നത്. മത്സരത്തിൽ വിജയം മാത്രമാണ് മോഹൻ ബഗാൻ ലക്ഷ്യം വെക്കുന്നത്.ഇക്കാര്യം അവരുടെ സൂപ്പർതാരമായ സുഭാഷിഷ് ബോസ് തുറന്ന് പറഞ്ഞിട്ടുണ്ട്. കൊച്ചിയിൽ വിജയിച്ചാൽ മാത്രമേ ഷീൽഡ് സ്വന്തമാക്കാൻ തങ്ങൾക്ക് സാധിക്കുകയുള്ളൂ എന്നാണ് ഈ മോഹൻ ബഗാൻ താരം പറഞ്ഞിട്ടുള്ളത്.
ഐഎസ്എൽ ഷീൽഡിൽ ഞങ്ങൾക്ക് പിടിമുറുക്കണമെങ്കിൽ ഞങ്ങൾ നിർബന്ധമായും കൊച്ചിയിൽ വിജയിക്കേണ്ടതുണ്ട്. മാത്രമല്ല വരുന്ന മത്സരങ്ങൾ എല്ലാം തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്, ഇതാണ് സുഭാഷിശ് ബോസ് പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടിരുന്നു. നിരവധി തോൽവികൾ ആണ് സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സിനെ ഏൽക്കേണ്ടി വന്നത്.അതിൽ നിന്നും ക്ലബ്ബിനെ കരകയറേണ്ടതുണ്ട്.മോഹൻ ബഗാനെതിരെ വിജയിക്കാൻ കഴിഞ്ഞാൽ അത് ആശ്വാസം നൽകുന്ന കാര്യമായിരിക്കും. പക്ഷേ നിലവിലെ സാഹചര്യത്തിൽ മോഹൻ ബഗാനെ പരാജയപ്പെടുത്തുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്.