സമീപകാലത്ത് ഒരുപാട് സൂപ്പർതാരങ്ങളെ സ്വന്തമാക്കിക്കൊണ്ട് ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിച്ചിട്ടുള്ളവരാണ് മോഹൻ ബഗാൻ. കഴിഞ്ഞ സീസണിൽ അവർക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയവരാണ് ജേ സൺ കമ്മിങ്‌സും ദിമി പെട്രറ്റോസും.ഇതിന് പുറമേ ഗ്രെഗ് സ്റ്റുവർട്ട് കൂടി അവരുടെ നിരയിലേക്ക് ചേരുകയാണ്. മാത്രമല്ല മറ്റൊരു സൂപ്പർ താരത്തെക്കൂടി അവർ സ്വന്തമാക്കി കഴിഞ്ഞു.
ഓസ്ട്രേലിയൻ സൂപ്പർതാരം ജാമി മക്ലാരൻ ഇനിമുതൽ മോഹൻ ബഗാന് വേണ്ടിയാണ് കളിക്കുക.ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം അവർ നടത്തിക്കഴിഞ്ഞു.നാല് വർഷത്തെ കരാറിലാണ് ഈ താരത്തെ കൊണ്ടുവന്നിട്ടുള്ളത്. ഓസ്ട്രേലിയയിലേക്ക് വേണ്ടി വേൾഡ് കപ്പ് അടക്കം കളിച്ചിട്ടുള്ള താരമാണ് മക്ലാരൻ. മോഹൻ ബഗാൻ ഏറ്റവും കരുത്തരായ ടീമായി മാറി എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
ഒരു മികച്ച ഗോളടി വീരനെ തന്നെയാണ് ക്ലബ്ബ് സ്വന്തമാക്കിയിട്ടുള്ളത്. ഓസ്ട്രേലിയൻ ലീഗിൽ 5 തവണ ഗോൾഡൻ ബൂട്ട് നേടിയിട്ടുള്ള താരമാണ് ഇദ്ദേഹം.കൂടാതെ ലീഗിലെ ഓൾ ടൈം ടോപ് സ്കോററും ഇദ്ദേഹം തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സ് താരമായ അഡ്രിയാൻ ലൂണക്കൊപ്പം ഒരുപാട് കാലം മെൽബൻ സിറ്റിയിൽ വച്ച് കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം. ഓസ്ട്രേലിയക്ക് വേണ്ടി 32 മത്സരങ്ങൾ കളിച്ച താരം 11 ഗോളുകളും നേടിയിട്ടുണ്ട്.
ഏതായാലും കമ്മിങ്‌സും മക്ലാരനും ചേരുന്ന മോഹൻ ബഗാന്റെ മുന്നേറ്റ നിര അടുത്ത സീസണിൽ ഏറെ ഭയപ്പെടുത്തുന്ന ഒന്നായിരിക്കും. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള എതിരാളികൾക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക മോഹൻ ബഗാൻ തന്നെയായിരിക്കും.നിരവധി സൂപ്പർതാരങ്ങൾ അണിനിരക്കുന്ന അവർ ഇന്ത്യയിലെ ഏറ്റവും വലിയ ശക്തിയായി മാറുകയാണ്.