അടിയും തിരിച്ചടിയും, 7 ഗോൾ ത്രില്ലർ,പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന് എന്താണ് സംഭവിച്ചത്?
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ആവേശഭരിതമായ മത്സരത്തിനൊടുവിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.ആരാധകർക്ക് മറ്റൊരു നിരാശ കൂടി കേരള ബ്ലാസ്റ്റേഴ്സ് സമ്മാനിക്കുകയാണ് ചെയ്തിട്ടുള്ളത്.
അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ അഞ്ചു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.യഥാർത്ഥത്തിൽ ഇന്നലത്തെ മത്സരത്തിൽ എന്താണ് സംഭവിച്ചത്? പരാജയത്തിന് ആരെയാണ് പഴിചാരുക? ഉത്തരം ഒന്നേയുള്ളൂ.. ഒട്ടും ഉത്തരവാദിത്വമില്ലാത്ത ഡിഫൻസ്. മത്സരത്തിന്റെ അവസാനത്തിലൊക്കെ വളരെ ദുർബലമായ ഡിഫൻസിനെയാണ് നമുക്ക് കേരള ബ്ലാസ്റ്റേഴ്സിൽ കാണാൻ സാധിച്ചിട്ടുള്ളത്.
മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ അർമാണ്ടോ സാദിക്കു ഗോൾ കണ്ടെത്തി. ഡിഫൻഡർ പ്രീതം കോട്ടലിന്റെ മിസ്റ്റേക്കായിരുന്നു അത്. ആദ്യപകുതിയിൽ പിന്നീട് ഗോളുകൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിലാണ് ഗോൾമഴ പെയ്തത്.54ആം മിനുട്ടിൽ വിബിൻ മനോഹരമായ ഒരു ഗോൾ കണ്ടെത്തി. എന്നാൽ അറുപതാം മിനിറ്റിൽ മോഹൻ ബഗാൻ തിരിച്ചടിച്ചു. ബോക്സിനകത്ത് ഫ്രീയായി കിടന്നു സാദിക്കു ഒരു തകർപ്പൻ ഷോട്ടിലൂടെ ഗോൾ നേടുകയായിരുന്നു. പക്ഷേ ദിമി തന്റെ വ്യക്തിഗത മികവിലൂടെ സമനില കണ്ടെത്തി.
63ആം മിനുട്ടിൽ ചെർനിച്ച് നൽകിയ ബോൾ മോഹൻ ബഗാന്റെ പ്രതിരോധത്തെ പരാജയപ്പെടുത്തിക്കൊണ്ട് ദിമി ഗോൾ നേടുകയായിരുന്നു. പക്ഷേ 68ആം മിനുട്ടിൽ ദീപക് ടാഗ്രി ഹെഡര്‍ ഗോൾ കണ്ടെത്തുകയായിരുന്നു.അതും പ്രതിരോധത്തിന്റെ പിഴവ് തന്നെയാണ്.ആരും അദ്ദേഹത്തെ മാർക്ക് ചെയ്തിരുന്നില്ല. പിന്നീട് 97 മിനിറ്റിൽ കമ്മിങ്‌സ് കൂടി ഗോൾ നേടുകയായിരുന്നു. ആ സമയത്ത് ഒക്കെ പ്രതിരോധം വളരെ ദുരന്തമായിരുന്നു.ലെസ്ക്കോവിച്ച് മാത്രമായിരുന്നു ഒരല്പം എങ്കിലും ആത്മാർത്ഥത കാണിച്ചിരുന്നത്.അല്ലായിരുന്നുവെങ്കിൽ വേറെയും ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങുമായിരുന്നു.
മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ദിമി ഒരു ഗോൾ കൂടി നേടിയിരുന്നുവെങ്കിലും സമനില നേടാൻ അത് മതിയാകുമായിരുന്നില്ല.ബ്ലാസ്റ്റേഴ്സ് പരാജയം ഏൽക്കുകയായിരുന്നു.ചോദിച്ചു വാങ്ങിയ ഒരു പരാജയം എന്ന് തന്നെ പറയേണ്ടിവരും.കാരണം ഡിഫൻസ് ഒന്നുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിക്കുമായിരുന്നു.