കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടി തയ്യാറെടുക്കുകയാണ്. ആദ്യ മത്സരത്തിൽ എതിരാളികൾ പഞ്ചാബാണ്. വരുന്ന പതിനഞ്ചാം തീയതി കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് മത്സരം നടക്കുക.ഡ്യൂറൻഡ് കപ്പിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. ഇത്തവണ വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫറുകളിൽ ആരാധകർ ഒട്ടും സംതൃപ്തരല്ല.മൂന്ന് വിദേശ താരങ്ങളെ മാത്രമാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്.നാല് താരങ്ങളെ നിലനിർത്തുകയാണ് അവർ ചെയ്തിട്ടുള്ളത്. മാത്രമല്ല പ്രധാനപ്പെട്ട ഡൊമസ്റ്റിക് സൈനിങ്ങുകൾ ഒന്നും തന്നെ ക്ലബ്ബ് നടത്തിയിട്ടില്ല.അതുകൊണ്ടുതന്നെ ഒരു ശരാശരി ടീമായി കൊണ്ടാണ് ആരാധകർ തന്നെ ബ്ലാസ്റ്റേഴ്സിനെ പരിഗണിക്കുന്നത്.
പക്ഷേ ഐഎസ്എൽ ക്ലബ്ബുകളുടെ മൂല്യം എടുത്തു പരിശോധിച്ചാൽ ബ്ലാസ്റ്റേഴ്സ് കേവലം ഒരു ശരാശരി ക്ലബ്ബ് അല്ല എന്നുള്ളത് മനസ്സിലാകും. അതായത് ഏറ്റവും കൂടുതൽ മൂല്യമുള്ള രണ്ടാമത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സാണ്.ബ്ലാസ്റ്റേഴ്സിനെ മറികടക്കാൻ കഴിഞ്ഞിട്ടുള്ളത് കേവലം മോഹൻ ബഗാന് മാത്രമാണ്. ബാക്കിയുള്ള എല്ലാവരും ബ്ലാസ്റ്റേഴ്സിന്റെ പിറകിലാണ് വരുന്നത്.
രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ 50.2 കോടി രൂപയാണ്.അഡ്രിയാൻ ലൂണ,നോഹ സദോയി,ജീസസ് ജിമിനസ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ സാന്നിധ്യം തന്നെയാണ് ക്ലബ്ബിന്റെ മൂല്യം ഇത്രയധികം ഉയർത്തിയിട്ടുള്ളത്.അതേസമയം താരസമ്പന്നമായ മോഹൻ ബഗാൻ തന്നെയാണ് ഒന്നാമത് വരുന്നത്. 60.6 കോടി രൂപയാണ് അവരുടെ മാർക്കറ്റ് വാല്യൂ വരുന്നത്. സൂപ്പർ താരങ്ങളായ ജാമി മക്ലാരൻ,കമ്മിങ്‌സ്,പെട്രറ്റൊസ് എന്നിവരുടെ സാന്നിധ്യമാണ് അവരെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചിട്ടുള്ളത്.മൂന്നാം സ്ഥാനത്ത് മുംബൈ സിറ്റിയാണ് വരുന്നത്. 43.8 കോടി രൂപയാണ് അവരുടെ നിലവിലെ മാർക്കറ്റ് വാല്യൂ.
നാലാം സ്ഥാനത്ത് ഈസ്റ്റ് ബംഗാൾ വരുന്നു.സമീപകാലത്ത് ഒരുപിടി മികച്ച താരങ്ങളെ കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ള ക്ലബ്ബാണ് ഇവർ.43.4 കോടി രൂപയാണ് ഇവരുടെ മാർക്കറ്റ് വാല്യൂ. അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുന്നത് എഫ്സി ഗോവയാണ്.41.2 കോടി രൂപയാണ് അവരുടെ മാർക്കറ്റ് വാല്യൂ.അങ്ങനെ ആദ്യത്തെ അഞ്ച് ക്ലബ്ബുകളുടെ ലിസ്റ്റ് ആണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് താരസമ്പന്നമായ ടീമാണ് എന്ന് തെളിയിക്കുന്നതാണ് ഈ മാർക്കറ്റ് വാല്യൂ.