ആ മൂന്ന് പേരെ ഒഴിവാക്കൂ:ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ രോഷം പുകയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിലും സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. വിജയിക്കാൻ സാധിക്കുമായിരുന്ന ഒരു മത്സരം കൂടി ബ്ലാസ്റ്റേഴ്സ് കളഞ്ഞ് കുളിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകളുടെ ലീഡ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.നോഹയും ജീസസുമായിരുന്നു രണ്ട് മികച്ച ഗോളുകൾ നേടിയത്. എന്നാൽ അധികം വൈകാതെ തന്നെ രണ്ടു ഗോളുകൾ വഴങ്ങിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് സമനില കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.
നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഒരു വിജയം മാത്രമാണ് സമ്പാദ്യം. പക്ഷേ പ്രകടനം വെച്ചു നോക്കുമ്പോൾ കുറഞ്ഞത് മൂന്നു വിജയമെങ്കിലും ബ്ലാസ്റ്റേഴ്സ് അർഹിച്ചിട്ടുണ്ട് എന്നതാണ്. സമനില വഴങ്ങിയ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് കിട്ടിയ അവസരങ്ങൾ മുതലെടുത്തിരുന്നുവെങ്കിൽ വിജയിക്കാമായിരുന്നു. ഇന്നലെ റഫറിയുടെ തെറ്റായ തീരുമാനവും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
സാമൂഹിക മാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ വിമർശനങ്ങൾ ഉയർത്തി തുടങ്ങിയിട്ടുണ്ട്. സ്റ്റാർട്ടിങ് ഇലവനിൽ ഉള്ള മൂന്ന് താരങ്ങളെ ഒഴിവാക്കണം എന്നാണ് പല ആരാധകരും അഭിപ്രായപ്പെടുന്നത്.അതിൽ ഒരു താരം ഗോൾകീപ്പർ സച്ചിൻ സുരേഷ് ആണ്. ഒട്ടും ആത്മവിശ്വാസം ഇല്ലാതെയാണ് സച്ചിൻ ഈ സീസണിൽ കളിച്ചുകൊണ്ടിരിക്കുന്നത്.
അവസാനത്തെ രണ്ടു മത്സരങ്ങളിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വലിയ മിസ്റ്റേക്കുകൾ സംഭവിച്ചിട്ടുണ്ട്. അതുവഴി ഗോളുകൾ വഴങ്ങേണ്ടി വരികയും ചെയ്തു.ബോൾ കൈപ്പിടിയിൽ ഒതുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. മറിച്ച് തട്ടിയിടുകയാണ് ചെയ്യുന്നത്, അത് റീബൗണ്ടിന് കാരണമായി ഗോളവസരങ്ങൾ തുറക്കപ്പെടുന്നു. ഇക്കാര്യത്തിൽ വലിയ വിമർശനങ്ങൾ സച്ചിന് കേൾക്കേണ്ടി വരുന്നുണ്ട്.സോം കുമാറിനെ പോലെയുള്ള ഒരു മികച്ച ഗോൾകീപ്പർ ഉണ്ടാവുമ്പോൾ സച്ചിനെ നിലനിർത്തേണ്ട എന്നാണ് ചിലരുടെ അഭിപ്രായങ്ങൾ.
മറ്റു രണ്ടു താരങ്ങൾ രാഹുലും ഡാനിഷുമാണ്. വളരെ പരിതാപകരമായ പ്രകടനമാണ് ഡാനിഷ് നടത്തിക്കൊണ്ടിരിക്കുന്നത്. ടീമുമായി യാതൊരുവിധ ഒത്തിണക്കും അദ്ദേഹം കാണിക്കുന്നില്ല. സ്ഥിരമായി അദ്ദേഹത്തിന് അവസരങ്ങൾ നൽകുന്നതിൽ വലിയ വിമർശനങ്ങൾ ആരാധകർ ഉയർത്തുന്നുണ്ട്.രാഹുൽ ഹാർഡ് വർക്ക് ചെയ്യുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. പക്ഷേ ഒരു ഇമ്പാക്ട് അദ്ദേഹത്തിന് ഉണ്ടാക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 4 മത്സരങ്ങൾ കളിച്ചിട്ടും പ്രത്യേകിച്ച് ഒരു ഇമ്പാക്ട് അദ്ദേഹം ഉണ്ടാക്കിയിട്ടില്ല.
ഐമൻ,അസ്ഹർ തുടങ്ങിയ മികച്ച താരങ്ങൾ പുറത്തിരിക്കുകയാണ്.അവർക്ക് അവസരം നൽകണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. പക്ഷേ സ്റ്റാറേ തന്റെ പ്രിയപ്പെട്ട താരങ്ങളെ ഒഴിവാക്കാൻ ഒരുക്കമല്ല. ഇക്കാര്യത്തിലും ആരാധകർക്ക് രോഷം ഉണ്ട്.