ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിട്ടുണ്ട്. നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞിട്ടുള്ളത്.അജാറേയിലൂടെ നോർത്ത് ഈസ്റ്റ് ആദ്യം ലീഡ് എടുക്കുകയായിരുന്നു. പിന്നീട് നോഹയാണ് ബ്ലാസ്റ്റേഴ്സിന് സമനില ഗോൾ നേടിക്കൊടുത്തത്.
കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ അണിനിരത്തിയിട്ടുള്ളത്.പതിവുപോലെ മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായിരുന്നു. നോർത്ത് ഈസ്റ്റിന്റെ അറ്റാക്കുകൾ ബ്ലാസ്റ്റേഴ്സിന് ഭീഷണി ഉയർത്തുന്നതായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലും നോർത്ത് ഈസ്റ്റ് വളരെയധികം ആക്രമണങ്ങൾ നടത്തി.തുടർന്ന് ബ്ലാസ്റ്റേഴ്സിന് ഒരു ഗോൾ വഴങ്ങേണ്ടി വരികയായിരുന്നു.ഫ്രീകിക്കിലൂടെയാണ് അജാറേ നോർത്ത് ഈസ്റ്റിന് ലീഡ് നേടിക്കൊടുത്തത്.
യഥാർത്ഥത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ ഒരു പിഴവായിരുന്നു അത്.അദ്ദേഹത്തിന്റെ കൈ പിടിയിൽ നിന്നും അത് വഴുതി പോവുകയായിരുന്നു.ഇതോടെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരവ് അനിവാര്യമായി. തുടർന്ന് നോഹ സദോയി ഒരു കിടിലൻ ഗോൾ നേടുകയായിരുന്നു.ഐമന്റെ പാസ് സ്വീകരിച്ച നോഹ ഒരു സോളോ മുന്നേറ്റത്തിനൊടുവിൽ ഗോൾ കണ്ടെത്തുകയായിരുന്നു. ഒരു കിടിലൻ ഷോട്ടിലൂടെയാണ് അദ്ദേഹം ഗോൾ കണ്ടെത്തിയത്.
പിന്നീട് മത്സരത്തിന്റെ 82ആം മിനുട്ടിൽ അഷീർ റെഡ് കാർഡ് കാണുകയായിരുന്നു. ഇതോടെ നോർത്ത് ഈസ്റ്റ് 10 പേരായി ചുരുങ്ങി.പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് നിരന്തരം ആക്രമണങ്ങൾ നടത്തി.നിരവധി ഗോൾ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഐമന് രണ്ടിലധികം സുവർണ്ണാവസരങ്ങൾ ലഭിച്ചിരുന്നു. എല്ലാം അദ്ദേഹം പാഴാക്കി കളഞ്ഞു.
കൂടുതൽ ഗോളുകൾ ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിയുമായിരുന്നിട്ടും അതെല്ലാം ഉപയോഗിക്കാനാവാതെ പോവുകയായിരുന്നു. അങ്ങനെ ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നിരാശ മാത്രമാണ് ആരാധകർക്ക് ബാക്കിയുള്ളത്. കാരണം വിജയിക്കാൻ കഴിയുമായിരുന്ന ഒരു മത്സരം മോശം ഫിനിഷിംഗ് കൊണ്ട് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് ഉള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ അഞ്ചാം സ്ഥാനത്താണ്.