കേരള ബ്ലാസ്റ്റേഴ്സ് ഈ സീസൺ വളരെ മികച്ച രീതിയിലാണ് ആരംഭിച്ചത്. പക്ഷേ സീസണിന്റെ രണ്ടാം ഘട്ടം ബുദ്ധിമുട്ടേറിയ ഒന്നാണ്. എന്തെന്നാൽ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയം രുചിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഒരു കരകയറൽ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്. അടുത്ത മത്സരത്തിൽ പഞ്ചാബിനെ പരാജയപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിന് കഴിയും എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ദിമിയാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങൾ ആരൊക്കെയാണ് എന്നത് നമുക്ക് നോക്കാം. ഒന്നാം സ്ഥാനത്ത് വരുന്നത് ആരാധകരുടെ പ്രിയപ്പെട്ട താരമായ സഹൽ അബ്ദുസമദാണ്.നിലവിൽ അദ്ദേഹം മോഹൻ ബഗാൻ താരമാണ്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 97 മത്സരങ്ങളാണ് അദ്ദേഹം ആകെ കളിച്ചിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിൽ സെഞ്ച്വറി പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.അതിനു മുൻപേ അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു.
രണ്ടാം സ്ഥാനത്ത് വരുന്നത് ജീക്സൺ സിങാണ്.അദ്ദേഹം 79 മത്സരങ്ങളാണ് ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുള്ളത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരം തന്നെയാണ് ജീക്സൺ.പക്ഷേ പരിക്കു മൂലം ഈ സീസണിൽ ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. അല്ലായിരുന്നുവെങ്കിൽ ഈ കണക്കുകൾ ഇനിയും വർദ്ധിപ്പിക്കാൻ സാധിക്കുമായിരുന്നു. മൂന്നാം സ്ഥാനത്ത് വരുന്നത് സന്ദേശ് ജിങ്കനാണ്.78 മത്സരങ്ങളാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളിച്ചിട്ടുള്ളത്. തുടർന്ന് അദ്ദേഹം ക്ലബ്ബിനോട് വിട പറയുകയായിരുന്നു.
നാലാം സ്ഥാനത്ത് മലയാളി താരമായ രാഹുൽ കെപി വരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 69 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. താരം ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന്റെ താരം തന്നെയാണ്. ആരായിരിക്കും ആദ്യം സെഞ്ച്വറി തികക്കുക എന്നതാണ് ഇവിടത്തെ പ്രധാനപ്പെട്ട ചോദ്യം. ക്ലബ്ബ് വിട്ടിട്ടില്ലെങ്കിൽ ജീക്സൺ സിംഗ് തന്നെയായിരിക്കും സെഞ്ച്വറി പൂർത്തിയാക്കുക.
അടുത്ത മത്സരത്തിൽ ജീക്സൺ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്. താരം പഴയ മികവിലേക്ക് വരേണ്ടത് കേരള ബ്ലാസ്റ്റേഴ്സിന്റെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന് വേണ്ടി അർദ്ധ സെഞ്ച്വറി തികച്ചിട്ടുള്ള താരമാണ്. പക്ഷേ അദ്ദേഹവും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.