കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ കളറാക്കിയത് ആര്?
കേരള ബ്ലാസ്റ്റേഴ്സിന്റെ 2023/24 സീസണിന് നേരത്തെ വിരാമമായിരുന്നു. മൂന്ന് ടൂർണമെന്റിലാണ് കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തത്.ഡ്യൂറന്റ് കപ്പിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. പിന്നീട് ഇന്ത്യൻ സൂപ്പർ ലീഗിലും കലിംഗ സൂപ്പർ കപ്പിലും കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തു.വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫിൽ പ്രവേശിച്ചു എന്നുള്ളത് മാത്രമാണ് എടുത്തു പറയാനുള്ള നേട്ടം. പരിക്കുകൾ പലപ്പോഴും ബ്ലാസ്റ്റേഴ്സിനെ വലച്ചിട്ടുണ്ട്. ഏതായാലും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരങ്ങൾ ആരൊക്കെയാണ് എന്നുള്ളത് പരിശോധിക്കാം. താരങ്ങളുടെ ഗോൾ പങ്കാളിത്തങ്ങളാണ് പരിശോധിക്കുന്നത്.
ഏറ്റവും മികച്ച പ്രകടനം നടത്തിയത് ദിമിയാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. സൂപ്പർ കപ്പിലും ഇന്ത്യൻ സൂപ്പർ ലീഗിലുമായി 20 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരമാണ് ദിമി.ഐഎസ്എല്ലിൽ 13 ഗോളുകൾ നേടിയ ദിമി തന്നെയാണ് ഇപ്പോഴും ടോപ് സ്കോറർ. രണ്ടാം സ്ഥാനത്തുള്ള താരം അഡ്രിയാൻ ലൂണയാണ്. പരിക്ക് മൂലം ചില മത്സരങ്ങൾ നഷ്ടമായെങ്കിലും ലൂണ നടത്തിയ പ്രകടനം തകർപ്പനായിരുന്നു.
9 ഗോൾ പങ്കാളിത്തങ്ങളാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്.മൂന്നാം സ്ഥാനത്ത് വരുന്നത് യുവ സൂപ്പർതാരമായ മുഹമ്മദ് ഐമനാണ്.7 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ എത്രത്തോളം പ്രധാനപ്പെട്ട താരമായി എന്നുള്ളതിന്റെ തെളിവ് തന്നെയാണ് ഇത്. പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന ഡാനിഷ് ഫറൂക്കാണ് നാലാം സ്ഥാനത്തുള്ളത്.അദ്ദേഹം നേടിയത് 6 ഗോൾ പങ്കാളിത്തങ്ങളാണ്.ഡൈസുകെ സകായ്,ക്വാമെ പെപ്ര എന്നിവർ അഞ്ചു വീതം ഗോൾ പങ്കാളിത്തങ്ങൾ നേടിയിട്ടുണ്ട്.
ലൂണ,ദിമി എന്നിവരാണ് പലപ്പോഴും ടീമിനെ ചുമന്നിട്ടുള്ളത്.ബാക്കിയുള്ള പലർക്കും പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെയാണ് ബ്ലാസ്റ്റേഴ്സിനെ ഈ സീസണിലും കിരീടങ്ങൾ ഒന്നും നേടാൻ കഴിയാതെ പോയത്. അടുത്ത സീസണിൽ പോരായ്മകളെല്ലാം പരിഹരിച്ച് മറ്റൊരു ബ്ലാസ്റ്റേഴ്സിനെ കാണാൻ കഴിയും എന്ന പ്രതീക്ഷകളിലാണ് ആരാധകർ.