65ആം ഫ്രീകിക്ക് ഗോൾ,സുഹൃത്തായ സുവാരസിന് മാറിനിൽക്കാം,ഇനി ലിയോ മെസ്സി ഭരിക്കും.
അർജന്റീനയും ഇക്വഡോറും തമ്മിൽ ഏറ്റുമുട്ടിയ ആദ്യത്തെ വേൾഡ് കപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീന വിജയിച്ചത് ലയണൽ മെസ്സിയുടെ മികവിലൂടെയാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ തോൽപ്പിച്ചത്.ഗോളടിക്കാൻ അർജന്റീന ബുദ്ധിമുട്ടിയപ്പോൾ ലയണൽ മെസ്സി തന്നെ ആ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു.78ആം മിനിട്ടിലാണ് ലയണൽ മെസ്സി ഗോൾ നേടിയത്.
മെസ്സിയുടെ ഈ ഒരൊറ്റ ഗോളിന്റെ ബലത്തിലാണ് അർജന്റീന 3 പോയിന്റുകൾ നേടിയത്. തന്റെ കരിയറിൽ മെസ്സി നേടുന്ന 65ആം ഫ്രീകിക്ക് ഗോളായിരുന്നു ഇത്. അർജന്റീനക്ക് വേണ്ടി ലയണൽ മെസ്സി ആകെ 11 ഫ്രീകിക്ക് ഗോളുകൾ നേടി. സമീപകാലത്ത് ഫ്രീക്കിക്കിലൂടെ ഒരുപാട് ഗോളുകൾ നേടുന്ന ലയണൽ മെസ്സിയെയാണ് നമുക്ക് കാണാൻ കഴിയുന്നത്.
മാത്രമല്ല മറ്റൊരു റെക്കോർഡിനൊപ്പവും മെസ്സി എത്തിക്കഴിഞ്ഞു. അതായത് സൗത്ത് അമേരിക്കൻ ക്വാളിഫെയർ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് മെസ്സിയുടെ സുഹൃത്തായ ലൂയിസ് സുവാരസിന്റെ പേരിലായിരുന്നു. 29 ഗോളുകളായിരുന്നു അദ്ദേഹം നേടിയിരുന്നത്.ഈ ഫ്രീകിക്ക് ഗോളോട് കൂടി മെസ്സി അദ്ദേഹത്തിന്റെ ഈ റെക്കോർഡിനൊപ്പം എത്തിയിട്ടുണ്ട്. ഒരു ഗോൾ കൂടി നേടിയാൽ ഈ റെക്കോർഡ് മെസ്സി തകർക്കും.
അതിന് മെസ്സിക്ക് സാധിക്കുമെന്ന് കാര്യത്തിൽ സംശയമില്ല.കാരണം അത്രയും മികച്ച ഫോമിലാണ് മെസ്സി ഇപ്പോൾ കളിക്കുന്നത്. അടുത്ത മത്സരം ബൊളീവിയക്കെതിരെയാണ്. എതിരാളികൾ അത്ര ശക്തർ അല്ലെങ്കിലും അവരുടെ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം.ലാ പാസ്സിലെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ആ സ്റ്റേഡിയത്തിൽ കളിക്കുക എന്നുള്ളത് എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.