കേരള ബ്ലാസ്റ്റേഴ്സ് ഈ ഡ്യൂറൻഡ് കപ്പിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് മുംബൈ സിറ്റിയുടെ റിസർവ് ടീമിന് തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് പിന്നീട് നടന്ന മത്സരത്തിൽ പഞ്ചാബിനോട് 1-1 എന്ന സ്കോറിന്റെ സമനില വഴങ്ങുകയായിരുന്നു. അതിനുശേഷം നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് CISFനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തിട്ടുള്ളത്.
ഇതോടൊപ്പം തന്നെ മറ്റൊരു കണക്ക് കൂടി എടുത്തു പറയേണ്ടതുണ്ട്.അതായത് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ ആകെ നേടിയത് 16 ഗോളുകളാണ്. വഴങ്ങിയത് ഒരേയൊരു ഗോൾ മാത്രം. ആകെ 24 ക്ലബ്ബുകൾ പങ്കെടുക്കുന്ന ഡ്യൂറൻഡ് കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്ലബ്ബ് ബ്ലാസ്റ്റേഴ്സ് തന്നെയാണ്.ബാക്കി 23 ക്ലബ്ബുകളെയും ഗോളടിയുടെ കാര്യത്തിൽ പിന്നിലാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിൽ 16 ഗോളുകൾ നേടിയ മറ്റൊരു ക്ലബ്ബും ഇല്ല. രണ്ടാം സ്ഥാനത്ത് വരുന്നത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ്. അവർ ആകെ 11 ഗോളുകളാണ് നേടിയിട്ടുള്ളത്.ബംഗളൂരു എഫ്സിയാണ് മൂന്നാം സ്ഥാനത്ത് വരുന്നത്. 10 ഗോളുകളാണ് അവർ മൂന്ന് മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയിട്ടുള്ളത്.മോഹൻ ബഗാൻ രണ്ട് മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടിയിട്ടുണ്ട്.ഒരു ഗോൾ പോലും അവർക്ക് വഴങ്ങേണ്ടി വന്നിട്ടില്ല. അവരുടെ മൂന്നാമത്തെ മത്സരം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
പൊതുവേ ദുർബലരായ എതിരാളികളെ ആയിരുന്നു ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നത്. എന്നാൽ അതിനേക്കാൾ എടുത്തുപറയേണ്ടത് സ്റ്റാറേയുടെ ആക്രമണ ശൈലി തന്നെയാണ്.നിരന്തരം ആക്രമിച്ച് ഗോളുകൾ നേടുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ശൈലി.അതുകൊണ്ടുതന്നെയാണ് ബ്ലാസ്റ്റേഴ്സ് ഇത്രയധികം ഗോളുകൾ സ്വന്തമാക്കിയിട്ടുള്ളത്. 6 ഗോളുകൾ നേടിയ നോഹും 4 ഗോളുകൾ നേടിയ പെപ്രയുമാണ് ടോപ്പ് സ്കോറർ പട്ടിക ഭരിച്ചുകൊണ്ടിരിക്കുന്നത്.ഐമൻ 2 ഗോളുകൾ നേടിയപ്പോൾ ഇഷാൻ പണ്ഡിറ്റയും രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.
ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ആ മത്സരം വിജയിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരിക്കും. കാരണം താര സമ്പന്നമായ നിര അവർക്കും അവകാശപ്പെടാൻ ഉണ്ട്.അവർ മികച്ച ഫോമിലുമാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ പുതിയ പരിശീലകൻ സ്റ്റാറേയുടെ തന്ത്രങ്ങളിലാണ് ആരാധകർ വിശ്വാസമർപ്പിച്ചിരിക്കുന്നത്.