വരുന്ന സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇന്ത്യൻ ടീമുകൾ ഇപ്പോൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ആദ്യം ഡ്യൂറന്റ് കപ്പാണ് അരങ്ങേറുന്നത്. ഈ മാസം 26 ആം തീയതി കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഡ്യൂറന്റ് കപ്പ് നടക്കുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്സ് പ്രീ സീസണിന് വേണ്ടി വിദേശത്തേക്ക് പറന്നിട്ടുണ്ട്. എല്ലാ ക്ലബ്ബുകളും തങ്ങളുടെ സൈനിങ്ങുകൾ പൂർത്തിയാക്കുന്ന തിരക്കിലാണ്.
ബ്ലാസ്റ്റേഴ്സ് 5 താരങ്ങളെയാണ് ഇതുവരെ കൊണ്ടുവന്നിട്ടുള്ളത്.അതിൽ നാലെണ്ണം ഡൊമസ്റ്റിക് സൈനിങ്ങുകളാണ്.അതിൽ രണ്ടുപേർ ഗോൾകീപ്പർമാരുമാണ്.നൂഹ് സദൂയിയെ കൊണ്ടുവരാൻ സാധിച്ചു എന്നുള്ളത് ക്ലബ്ബിലെ ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്.കൂടുതൽ വിദേശ സൈനിങ്ങുകൾ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളൊക്കെ മികച്ച സൈനിങ്ങുകൾ ഇപ്പോൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്.
മുഹമ്മദൻ എസ്സിയും മുംബൈ സിറ്റിയും ഓരോ സൂപ്പർ താരങ്ങളെ സ്വന്തമാക്കിയതായി മെർഗുലാവോ സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ സിറ്റി ജോൺ ടോറൽ എന്ന സ്പാനിഷ് താരത്തെയാണ് കൊണ്ടുവന്നിട്ടുള്ളത്. 29 വയസ്സുള്ള താരം അറ്റാക്കിങ് മിഡ്‌ഫീൽഡർ പൊസിഷനിലാണ് കളിക്കുന്നത്. ബാഴ്സലോണ,ആഴ്സണൽ എന്നീ ക്ലബ്ബുകളുടെ യൂത്ത് ടീമിലൂടെ വളർന്ന താരമാണ് ടോറൽ.
പിന്നീട് ബ്രന്റ്ഫോർഡ്,ബിർമിങ്ഹാം സിറ്റി,ഗ്രനാഡ തുടങ്ങിയ സുപ്രധാന ക്ലബ്ബുകൾക്ക് വേണ്ടി ഈ താരം കളിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഗ്രീസിൽ ആയിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. ഒരു മികച്ച സൈനിങ്ങ് തന്നെയാണ് മുംബൈ നടത്തിയത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
മുഹമ്മദ് ഖാദിരി എന്ന താരത്തെയാണ് ഇപ്പോൾ ഈ മുഹമ്മദൻ എസ്സി എന്ന കൊൽക്കത്തൻ ക്ലബ്ബ് സ്വന്തമാക്കിയിട്ടുള്ളത്.ഘാന താരമായ ഇദ്ദേഹം പ്രശസ്ത ക്ലബ്ബായ ഡൈനാമോ കീവിന് വേണ്ടി കളിച്ചിട്ടുണ്ട്. മധ്യനിരയിലും പ്രതിരോധനിരയിലും ഒരുപോലെ കളിക്കാൻ കഴിവുള്ള താരമാണ് ഇദ്ദേഹം.അസർബൈജാനിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു മികച്ച സൈനിങ് തന്നെയാണ് ഇവർ പൂർത്തിയാക്കിയിട്ടുള്ളത്.