ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം കണ്ടെത്താൻ മുംബൈ സിറ്റി എഫ്സിക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഒഡീഷയെ അവർ തോൽപ്പിച്ചിട്ടുള്ളത്.ചാങ്തെയുടെ മികവിലാണ് മുംബൈ സിറ്റി ഈ വിജയം കരസ്ഥമാക്കിയിട്ടുള്ളത്. മത്സരത്തിന്റെ 22ആം മിനിറ്റിൽ ഡയസ് മുംബൈക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. പക്ഷേ അതിന്റെ ക്രെഡിറ്റ് നൽകേണ്ടത് കിടിലൻ അസിസ്റ്റ് നൽകിയ ചാങ്തേക്ക് തന്നെയാണ്.
എന്നാൽ 25ആം മിനിറ്റിൽ ഡിഗോ മൗറിഷിയോയിലൂടെ ഒഡീഷ സമനില പിടിക്കുകയായിരുന്നു. പക്ഷേ 61ആം മിനിട്ടിൽ മുംബൈ സിറ്റിയുടെ വിജയ ഗോൾ പിറന്നു.ചാങ്തെ നേടിയ ഗോളാണ് മുംബൈക്ക് വിജയം നേടിക്കൊടുത്തത്. ഇതോടെ മുംബൈ ഒഡീഷയെ കിരീടം പോരാട്ടത്തിൽ നിന്നും പുറത്താക്കി കളഞ്ഞു.
അതായത് ഷീൽഡ് കിരീട പോരാട്ടത്തിൽ നിന്നാണ് ഇപ്പോൾ ഒഡീഷ പുറത്തായത്.അവർക്ക് ഇനി ഷീൽഡ് നേടാൻ കഴിയില്ല. എഫ്സി ഗോവക്കും ഷീൽഡ് ലഭിക്കില്ല. മറിച്ച് മുംബൈ സിറ്റിയും മോഹൻബഗാനും തമ്മിലാണ് ഷീൽഡ് പോരാട്ടം നടക്കുക. ഒരു കിടിലൻ ക്ലൈമാക്സിലേക്കാണ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് പോയിക്കൊണ്ടിരിക്കുന്നത്.
നിലവിൽ 21 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുള്ള മുംബൈ സിറ്റി ഒന്നാം സ്ഥാനത്താണ്. 20 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുള്ള മോഹൻ ബഗാൻ രണ്ടാം സ്ഥാനത്താണ്. മോഹൻ ബഗാന് ഇനി ബംഗളൂരു എഫ്സിക്കെതിരെ ഒരു മത്സരം ഉണ്ട്. ആ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ 45 പോയിന്റായി മാറും.അതിനുശേഷം ആണ് കിടിലൻ ക്ലൈമാക്സ് നമ്മെ കാത്തിരിക്കുന്നത്. അതായത് ഏറ്റവും അവസാന മത്സരത്തിൽ മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിലാണ് ഏറ്റുമുട്ടുക.
ആ മത്സരത്തിൽ വിജയിക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ മുംബൈ സിറ്റി ഷീൽഡ് സ്വന്തമാക്കും. അതല്ല ആ മത്സരത്തിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്താൻ മോഹൻ ബഗാന് കഴിഞ്ഞാൽ അവരായിരിക്കും കിരീടം നേടുക.ചുരുക്കത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം വളരെ ആവേശഭരിതമായിരിക്കും.അതിന് മോഹൻബഗാൻ ചെയ്യേണ്ട കാര്യം അടുത്ത മത്സരത്തിൽ വിജയിക്കുക എന്നുള്ളതാണ്.