ഒലെ ഗുണ്ണാർ സോൾഷെയർ ഇന്ത്യയിലേക്ക് വരുന്നു, മുംബൈയുടെ പരിശീലകനാകുമോ?മാർക്കസിന് ഇക്കാര്യത്തിൽ പറയാനുള്ളത്.
ഒലെ ഗുണ്ണാർ സോൾഷെയറെ അറിയാത്ത ഫുട്ബോൾ ആരാധകർ വളരെ ചുരുക്കമായിരിക്കും.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസമാണ് അദ്ദേഹം. 1996 മുതൽ 2007 വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിലെ ചില സാന്നിധ്യമായിരുന്നു അദ്ദേഹം. നോർവേയിലെ പ്രശസ്ത ക്ലബ്ബായ മോൾഡേക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. നോർവേയുടെ ദേശീയ ടീമിനു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.
സമീപകാലത്ത് പരിശീലക വേഷത്തിൽ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയായിരുന്നു. 2008 മുതൽ 2011 വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 21 ടീമിനെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അതിനുശേഷം മോൾഡേ,കാർഡിഫ് സിറ്റി എന്നിവരുടെയൊക്കെ പരിശീലക സ്ഥാനത്തേക്ക് അദ്ദേഹം എത്തിയിരുന്നു. ഒടുവിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് എത്തിയത്. എന്നാൽ കാര്യങ്ങൾ നല്ല രീതിയിൽ അല്ല പുരോഗമിച്ചത്. തുടർന്ന് 2021ൽ അദ്ദേഹത്തിന് ക്ലബ് വിടേണ്ടി വന്നു.
സോൾഷെയറുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് അദ്ദേഹം ഇന്ത്യയിലേക്ക് വരികയാണ്. പക്ഷേ എന്തിനാണ് ഇന്ത്യയിലേക്ക് അദ്ദേഹം വരുന്നത് എന്നത് അവ്യക്തമാണ്.പരിശീലകന്റെ റോളിൽ ആയിരിക്കുമോ,അതല്ലെങ്കിൽ മറ്റേതെങ്കിലും ക്യാമ്പയിനിന്റെ ഭാഗമായിരിക്കുമോ എന്നുള്ളതൊന്നും വ്യക്തമല്ല.ഏതായാലും അദ്ദേഹം ഇന്ത്യയിലേക്ക് വരും എന്ന കാര്യം പ്രമുഖ ഫുട്ബോൾ മാധ്യമപ്രവർത്തകനായ മാർക്കസ് മർഗുലാവോ സ്ഥിരീകരിച്ചിട്ടുണ്ട്.കൂടെ മറ്റൊരു കാര്യവും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.
അതായത് മുംബൈ സിറ്റിയുടെ പരിശീലകനായി കൊണ്ടാണ് അദ്ദേഹം വരുന്നത് എന്ന റൂമറുകൾ ഉണ്ടായിരുന്നു.എന്നാൽ ആ റൂമറുകൾ ഇദ്ദേഹം തള്ളിക്കളഞ്ഞു. മുംബൈ സിറ്റിയുടെ പരിശീലക സ്ഥാനത്തേക്ക് അല്ല സോൾഷെയർ വരുന്നത്. നിലവിൽ മുംബൈ സിറ്റിക്ക് ഒരു സ്ഥിര പരിശീലകൻ ഇല്ല.ഇതുമായി ബന്ധപ്പെട്ട റൂമറുകൾ ഇപ്പോൾ സജീവമായി പ്രചരിക്കുന്നുണ്ട്. ഉടൻ തന്നെ അവർ പുതിയ ഒരു പരിശീലകനെ നിയമിച്ചേക്കും.
വളരെ മോശം പ്രകടനമാണ് AFC ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റി പുറത്തെടുത്തത്. ആറു മത്സരങ്ങളിൽ ആറിലും അവർ പരാജയപ്പെടുകയായിരുന്നു. നിലവാരത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ഫുട്ബോൾ ഒരുപാട് വളരേണ്ടതുണ്ട് എന്നത് ഇതിൽ നിന്നും വ്യക്തമാണ്.അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിൽ 5 മത്സരങ്ങൾ കളിച്ച മുംബൈ തോൽവികൾ ഇതുവരെ അറിഞ്ഞിട്ടില്ല.