മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിൽ നടന്ന മത്സരമാണ് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ഇപ്പോൾ പ്രധാനപ്പെട്ട ചർച്ച വിഷയം. ഇങ്ങനെയൊരു മത്സരം ഇതിനു മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ തന്നെ നടന്നിട്ടുണ്ടോ എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.റെഡ് കാർഡുകളും യെല്ലോ കാർഡുകളുമായി ഒരു കളർഫുൾ കളിയാണ് ഇന്നലെ അവസാനിച്ചത്.റഫറി യഥേഷ്ടം കാർഡുകൾ വാരി വിതറുന്ന കാഴ്ചയാണ് ഈ മത്സരത്തിൽ കാണാൻ കഴിഞ്ഞത്.
മുംബൈ സിറ്റിയുടെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മോഹൻ ബഗാനെ പരാജയപ്പെടുത്താൻ മുംബൈക്ക് സാധിച്ചു. മത്സരത്തിൽ കമ്മിങ്സിലൂടെ മോഹൻ ബഗാനായിരുന്നു ആദ്യം മുൻപിൽ എത്തിയത്. എന്നാൽ പിന്നീട് മുംബൈയ്ക്ക് സമനില ഗോൾ നേടിക്കൊടുത്തു. അതിനുശേഷം ബിപിൻ സിങ്ങിന്റെ ഗോളിലാണ് മുംബൈ വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കം തൊട്ടേ റെഡ് കാർഡുകളും യെല്ലോ കാർഡുകളും യഥേഷ്ടം പിറന്നു.മത്സരം അവസാനിച്ച ഉടനെ ഉള്ള കണക്കുകൾ പ്രകാരം 5 റെഡ് കാർഡുകളായിരുന്നു ആകെ ഉണ്ടായിരുന്നത്. പക്ഷേ ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് കൃത്യമായ കണക്കുകൾ ലഭിച്ചത്.മത്സരത്തിൽ ഔദ്യോഗികമായി കൊണ്ട് 7 റെഡ് കാർഡുകളാണ് പിറന്നിട്ടുള്ളത്.മാർക്കസ് മർഗുലാവോ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.മത്സരശേഷം നിരവധി അനിഷ്ട സംഭവങ്ങൾ അരങ്ങേറിയിരുന്നു.അതിന്റെ ഭാഗമായി കൊണ്ടാണ് രണ്ട് റെഡ് കാർഡുകൾ കൂടി ലഭിച്ചത്.
പതിമൂന്നാമത്തെ മിനുട്ടിൽ മുംബൈ താരം ആകാശ് മിശ്രക്ക് റെഡ് കാർഡ് ലഭിക്കുകയായിരുന്നു. അദ്ദേഹം ഫൗൾ ചെയ്തതിനെ തുടർന്നായിരുന്നു റെഡ് കാർഡ്. പിന്നീട് മത്സരത്തിന്റെ 54ആം മിനുട്ടിൽ മോഹൻ ബഗാൻ താരം ആശിഷ് റായിക്ക് റെഡ് കാർഡ് ലഭിച്ചു. ഫൗൾ ചെയ്തതിനെ തുടർന്ന് തന്നെയായിരുന്നു റെഡ് നൽകിയത്.അവിടംകൊണ്ടും അവസാനിച്ചില്ല.ലിസ്റ്റൻ കൊളാക്കോക്ക് റെഡ് കാർഡ് റഫറി നൽകുകയായിരുന്നു.ഇതോടെ മോഹൻ ബഗാൻ 9 പേരായി ചുരുങ്ങി.
മത്സരത്തിന്റെ അവസാനത്തിൽ മുംബൈക്ക് മറ്റൊരു റെഡ് കൂടി കിട്ടി.സൂപ്പർതാരം സ്റ്റുവർട്ടിനാണ് റെഡ് കാർഡ് ലഭിച്ചത്.സെക്കൻഡ് യെല്ലോ കാണുകയായിരുന്നു അദ്ദേഹം. ഫൗൾ അഭിനയിച്ചതിനാണ് അദ്ദേഹത്തിന് സെക്കൻഡ് യെല്ലോ ലഭിച്ചത്.അതോടെ മുംബൈ സിറ്റിയും 9 പേരായി ചുരുങ്ങുകയായിരുന്നു.മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ മുംബൈ താരം വിക്രം പ്രതാപ് സിംഗിനും 2 യെല്ലോ കാർഡുകൾ ലഭിച്ചുകൊണ്ട് പുറത്തു പോകേണ്ടിവന്നു. എന്നാൽ അവിടംകൊണ്ടും അവസാനിച്ചിരുന്നില്ല. മത്സരശേഷം നടന്ന അനിഷ്ട സംഭവങ്ങളുടെ പേരിൽ മറ്റൊരു മുംബൈ താരമായ രാഹുൽ ബേക്കേക്ക് റെഡ് കാർഡ് ലഭിച്ചു. മാത്രമല്ല മോഹൻ ബഗാന്റെ ഹെക്ടർ യൂസ്റ്റേക്കും റെഡ് കാർഡ് ലഭിച്ചിട്ടുണ്ട്.ഇങ്ങനെയാണ് മത്സരത്തിൽ ഏഴ് റെഡ് കാർഡുകൾ പിറന്നത്.
ഇതിനുപുറമേ ദീപക് താൻഗ്രി,പെരേര ഡയസ്,സുഭാഷിഷ് ബോസ്,ഫുർഭ ലഷൻപ,രവി റാണ,അർമാണ്ടോ സാദിക്കു എന്നിവർക്ക് യെല്ലോ കാർഡുകളും ലഭിച്ചിട്ടുണ്ട്.ഇങ്ങനെ കാർഡുകൾ സമ്പന്നമായ ഒരു മത്സരമാണ് നടന്നിട്ടുള്ളത്. മുംബൈ സിറ്റിയുടെ നിരയിൽ റെഡ് കാർഡ് കിട്ടിയ നാല് താരങ്ങൾക്കും അടുത്ത മത്സരം കളിക്കാൻ കഴിയില്ല. അതായത് കേരള ബ്ലാസ്റ്റേഴ്സ്നെതിരെയുള്ള മത്സരത്തിൽ ഈ താരങ്ങൾ ഉണ്ടാവില്ല എന്നർത്ഥം.