ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ എങ്ങനെയാണ് മറികടക്കുക? മുംബൈ പരിശീലകൻ പറഞ്ഞത് കേട്ടോ.
കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള മത്സരം നാളെയാണ് നടക്കുക. നാളെ രാത്രി 8 മണിക്ക് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ പോരാട്ടം അരങ്ങേറുക. മുംബൈ സിറ്റിയുടെ മൈതാനത്ത് വച്ച് നടന്ന ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. അതിന് പ്രതികാരം തീർക്കാനുള്ള അവസരമാണ് ഇത്തവണ കൈ വന്നിരിക്കുന്നത്.
ആ മത്സരം ആരാധകർ മറക്കാൻ സാധ്യതയില്ല. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ അപമാനിച്ച എതിർത്താരങ്ങളെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ സർവ സജ്ജരായി കഴിഞ്ഞു എന്നാണ് ലഭിക്കുന്ന സൂചനകൾ.എതിരാളികൾക്ക് നരകം തീർക്കാൻ മഞ്ഞപ്പടയും കൂട്ടാളികളും സർവ്വസന്നാഹരായിട്ടുണ്ട്.അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ മറികടക്കുക എന്നത് എതിർ താരങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
മുംബൈ സിറ്റിയുടെ പുതിയ പരിശീലകനാണ് പീറ്റ്ർ ക്രാറ്റ്ക്കി. കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനെ പരാജയപ്പെടുത്തി കൊണ്ടാണ് അവർ വരുന്നത്.എങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ മറികടക്കുക എന്ന ചോദ്യം അദ്ദേഹത്തോട് ചോദിച്ചിരുന്നു.എന്നാൽ അദ്ദേഹത്തിന് പ്രത്യേകിച്ച് ഭയാശങ്കകൾ ഒന്നുമില്ല. കൂടുതൽ ആരാധകർ ഉള്ളത് എല്ലാവർക്കും ഗുണകരമായ ഒരു കാര്യമാണ് എന്ന് അഭിപ്രായമാണ് അദ്ദേഹം പങ്കുവെച്ചത്. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
കൂടുതൽ ആരാധക സാന്നിധ്യം ഫുട്ബോളിലെ മറ്റൊരു സ്പെഷ്യൽ ഇവന്റാണ്.കൂടുതൽ ആരാധകർ സ്റ്റേഡിയത്തിലേക്ക് വരുന്നു എന്നുള്ളത് എല്ലാവർക്കും ഗുണകരമായ ഒരു കാര്യമാണ്.ഇന്ത്യൻ സൂപ്പർ ലീഗിനും ഇന്ത്യൻ ഫുട്ബോളിനും ഒരുപോലെ ഗുണം ചെയ്യും.ഞങ്ങൾ ചെയ്യേണ്ടത് ഞങ്ങൾ കൂടുതൽ മികച്ച പ്രകടനം നടത്തുക എന്നതാണ്. അവരെ മറികടന്നു കൊണ്ട് റിസൾട്ട് ഉണ്ടാക്കിയെടുക്കണം. അവരെ ഒരു ബൂസ്റ്റ് ആയി ഞങ്ങൾ ഏറ്റെടുക്കണം,ഇതാണ് മുംബൈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയുടെ നാല് പ്രധാനപ്പെട്ട താരങ്ങൾക്ക് റെഡ് കാർഡ് കാണേണ്ടി വന്നിട്ടുണ്ട്. ആ നാല് താരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിൽ ഉണ്ടാവില്ല എന്നത് ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ്. പക്ഷേ ക്യാപ്റ്റൻ ലൂണയുടെ അഭാവത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് വരുന്നത്. അദ്ദേഹം ഇനി ഈ സീസണിൽ കളിക്കാൻ സാധ്യതയില്ല.