ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ കിരീടം മുംബൈ സ്വന്തമാക്കിയിരിക്കുന്നു. കലാശ പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെയാണ് അവർ പരാജയപ്പെടുത്തിയത്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റി വിജയം സ്വന്തമാക്കിയിട്ടുള്ളത്.അർഹിച്ച വിജയമാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്.
മത്സരത്തിന്റെ തുടക്കം തൊട്ടേ മികച്ച പ്രകടനമാണ് മുംബൈ നടത്തിയത്. എന്നാൽ കളിയുടെ ഒഴുക്കിന് വിപരീതമായി കൊണ്ട് കമ്മിങ്‌സിലൂടെ മോഹൻ ബഗാൻ മുന്നിൽ എത്തുകയായിരുന്നു. ഈ ഗോളിന്റെ ലീഡിലായിരുന്നു അവർ ആദ്യപകുതിയിൽ കളിക്കളം വിട്ടത്.എന്നാൽ രണ്ടാം പകുതിയിൽ മുംബൈ ശക്തമായി തിരിച്ചുവന്നു.53ആം മിനുട്ടിൽ ഡയസ് മുംബൈയ്ക്ക് സമനില ഗോൾ നേടിക്കൊടുക്കുകയായിരുന്നു.
81ആം മിനുട്ടിൽ ബിപിൻ സിങ് ഗോൾ നേടിയതോടെ മുംബൈ മുന്നിലെത്തി. മത്സരത്തിന്റെ അവസാനത്തിൽ സമനില ഗോളിന് വേണ്ടി മോഹൻ ബഗാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മറിച്ച് ഒരു ഗോൾ കൂടി മുംബൈ സിറ്റി സ്വന്തമാക്കുകയായിരുന്നു.യാക്കൂബാണ് ഗോൾ നേടിയത്. ഇതോടെ ഐഎസ്എൽ കിരീടം മുംബൈ സ്വന്തമാക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാനുള്ള ഒരു വകയും ഇവിടെയുണ്ട്. എന്തെന്നാൽ ഗോൾഡൻ ബൂട്ട് നേടിയിരിക്കുന്നത് ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കർ ദിമിയാണ്. 17 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടി കൊണ്ടാണ് ദിമി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരിക്കുന്നത്.റോയ് കൃഷ്ണ 13 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും കൂടുതൽ മത്സരം കളിച്ചിട്ടുണ്ട്. 12 ഗോളുകൾ നേടിയ കമ്മിങ്‌സ് ഇവരുടെ തൊട്ടു പിറകിൽ വരുന്നു.