വുക്മനോവിച്ചിന്റെ താരപരിവേഷം ബാധ്യതയാകുമോ? ഉത്തരം നൽകി സ്റ്റാറെ!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ 3 സീസണും കളിച്ചത് പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ കീഴിലാണ്.മികച്ച രൂപത്തിൽ ക്ലബ്ബിനെ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ എത്തിയിട്ടുണ്ട്. പക്ഷേ ഒരു കിരീടം പോലും ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് തിരിച്ചടിയാവുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് നിന്നും ഇവാനെ മാറ്റിയത്.
സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെയുടെ കീഴിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നിരുന്നാലും ഐഎസ്എല്ലിൽ ക്ലബ്ബ് മികച്ച പ്രകടനം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇവാൻ വുക്മനോവിച്ചിനേക്കാൾ മികച്ച രൂപത്തിൽ ക്ലബ്ബിന് മുന്നോട്ടുകൊണ്ടുപോവുക എന്ന ഒരു വെല്ലുവിളിയാണ് ഈ പരിശീലകന് മുന്നിലുള്ളത്.
ഇവാന് ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയായിരുന്നു.ഒരു താരപരിവേഷം തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു.ഈ താര പരിവേഷം തനിക്ക് ബാധ്യതയാകുമോ എന്ന് സ്റ്റാറെയോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ അങ്ങനെയൊന്നും അദ്ദേഹം കരുതുന്നില്ല. മറിച്ച് ഇവാനെ കുറിച്ച് ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്റ്റാറേയുടെ വാക്കുകൾ ഇങ്ങനെയാണ്.
‘ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനെ ഞാൻ പൂർണമായും ബഹുമാനിക്കുന്നു.അദ്ദേഹം നല്ല കോച്ചും നല്ല വ്യക്തിയുമാണ്. എല്ലാവരും അദ്ദേഹത്തെക്കുറിച്ച് നല്ലതു മാത്രമാണ് പറയുന്നത്.പക്ഷേ എന്റെ ജോലി നല്ല രൂപത്തിൽ ചെയ്യുക എന്നതാണ് എന്നിൽ അർപ്പിതമായ ദൗത്യം. എല്ലാവർക്കും കൂടുതൽ ഊർജ്ജം പകരാൻ കഴിയും എന്ന് ഞാൻ കരുതുന്നു ‘ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരം കളിക്കുക പഞ്ചാബിനെതിരെയാണ്. സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ആദ്യമത്സരം അരങ്ങേറുക.ഡ്യൂറന്റ് കപ്പിൽ ഇരുവരും ഏറ്റുമുട്ടിയിരുന്നുവെങ്കിലും അന്ന് മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. അതിനേക്കാൾ മികച്ച പ്രകടനം ക്ലബ്ബ് നടത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.