തിരിച്ചുവരവ് സാധ്യമായത് ആരാധകർ കൂടി ഉണ്ടായതിനാൽ :ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ വ്യക്തമാക്കുന്നു!
കഴിഞ്ഞ മത്സരത്തിൽ ഒരു മികച്ച വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ക്യാമ്പും ആരാധകരും ഉള്ളത്. സ്വന്തം മൈതാനത്ത് ഒന്നനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് പോയിന്റുകൾ പോക്കറ്റിലാക്കാൻ സ്റ്റാറേയുടെ ശിഷ്യഗണത്തിന് കഴിഞ്ഞു.തോൽവി മുന്നിൽ കണ്ട് നിന്നിടത്ത് നിന്നാണ് ബ്ലാസ്റ്റേഴ്സ് ഈയൊരു വിജയം സ്വന്തമാക്കിയിട്ടുള്ളത്.
വിഷ്ണുവിലൂടെ എതിരാളികളാണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ അതിനുശേഷം വർദ്ധിത വീരത്തോട് കൂടി ബ്ലാസ്റ്റേഴ്സ് പോരാടുകയായിരുന്നു. അതിന്റെ ഫലം കണ്ടു.നോഹയും പെപ്രയും രണ്ടു മികച്ച ഗോളുകൾ നേടി.അതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിക്കുകയായിരുന്നു. നിരവധി സൂപ്പർ താരങ്ങൾ ഉള്ള ഈസ്റ്റ് ബംഗാളിനെയാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്.
ഒരു കംബേക്കാണ് ക്ലബ്ബ് നടത്തിയിട്ടുള്ളത്. എന്നാൽ അത് സാധ്യമായത് ആരാധകരുടെ പിന്തുണയോടെ കൂടിയാണ് എന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ ഡ്രിൻസിച്ച് പറഞ്ഞിട്ടുണ്ട്.മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലൂണയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റനായ ഡ്രിൻസിച്ചാണ് ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞിരുന്നത്.
‘എനിക്ക് ഒരുപാട് അഭിമാനം ഉണ്ട്. കാരണം അവിശ്വസനീയമായ ഒരു ക്യാരക്ടറാണ് നമ്മുടെ ടീം കാഴ്ച വെച്ചിട്ടുള്ളത്.ഈസ്റ്റ് ബംഗാൾ വളരെ ബുദ്ധിമുട്ടേറിയ എതിരാളികളാണ്.പക്ഷേ നമ്മൾ തിരിച്ചുവന്നു.അത് സാധ്യമായത് ഈ ആരാധകരുടെ പിന്തുണ കൂടി ഉണ്ടായതുകൊണ്ടാണ്. ഈ ആരാധകർ നമ്മുടെ ഒരു എക്സ്ട്രാ പവറാണ് ‘ ഇതാണ് ഡ്രിൻസിച്ച് പറഞ്ഞിട്ടുള്ളത്.
എന്നാൽ അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. എന്തെന്നാൽ ക്ലബ്ബ് കളിക്കുന്നത് എവേ മത്സരമാണ്.സീസണിലെ ആദ്യ എവേ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികൾ. ആരാധകരുടെ പിന്തുണയില്ലാതെ അവിടെ പോയി വിജയിക്കുക എന്ന വെല്ലുവിളിയാണ് ക്ലബ്ബിന്റെ മുന്നിലുള്ളത്.