ഇത് തീർത്തും വേദനാജനകം: നിരാശ പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ!
ഇന്നലെ ഐഎസ്എല്ലിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിലും കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഒഡീഷയോടാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിട്ടുള്ളത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്. മത്സരത്തിൽ ആകെ പിറന്ന നാല് ഗോളുകളും ആദ്യപകുതിയിലാണ് പിറന്നിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തത് സൂപ്പർ താരങ്ങളായ നോഹ സദോയിയും ജീസസ് ജിമിനസുമാണ്.
രണ്ടുപേരും ഓരോ ഗോളുകളും ഓരോ അസിസ്റ്റുകളും വീതമാണ് മത്സരത്തിൽ നേടിയിട്ടുള്ളത്. മത്സരത്തിൽ ആദ്യം രണ്ട് ഗോളുകളുടെ ലീഡ് ബ്ലാസ്റ്റേഴ്സ് എടുക്കുകയായിരുന്നു.എന്നാൽ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. വളരെ വേഗത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ വഴങ്ങിക്കൊണ്ട് മത്സരം സമനിലയിലേക്ക് മാറ്റുകയായിരുന്നു.
ഡിഫൻസീവ് മിസ്റ്റേക്കുകളാണ് ബ്ലാസ്റ്റേഴ്സ് ഈ ഗോളുകൾ വഴങ്ങാൻ കാരണമായിട്ടുള്ളത്. ഏതായാലും ക്ലബ്ബിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ ഇക്കാര്യത്തിൽ കടുത്ത നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് രണ്ട് ഗോളുകളുടെ ലീഡ് കളഞ്ഞ് സമനില വഴങ്ങേണ്ടി വരുന്നത് വളരെയധികം വേദനാജനകമായ ഒരു കാര്യമാണ് എന്നാണ് കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ രണ്ട് ഗോളുകളുടെ ലീഡ് ഉണ്ടായിട്ട് അത് നഷ്ടമാവുക എന്നുള്ളത് വളരെ വേദനാജനകമായ ഒരു കാര്യമാണ്.പക്ഷേ ഈ താരങ്ങളിൽ ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു.സെക്കൻഡ് ഹാഫില്‍ മികച്ച പ്രകടനം അവർ നടത്തി. നെഗറ്റീവിനെ ക്കാൾ കൂടുതൽ പോസിറ്റീവുകൾ ഉള്ള ഒരു മത്സരമാണ് ഇത്.മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല എന്നത് വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്. അവർ സമനില നേടിയതിനുശേഷവും റിയാക്ട് ചെയ്യാൻ ഒരുപാട് സമയം ഉണ്ടായിരുന്നു.അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഞാൻ ഒരുപാട് സന്തോഷവാനുമല്ല, ഒരുപാട് നിരാശ ‘ സ്റ്റാറേ പറഞ്ഞു.
വിജയിക്കാമായിരുന്ന മത്സരങ്ങളാണ് ക്ലബ്ബ് ഇപ്പോൾ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നത്.മത്സരത്തിൽ ക്ലബ്ബിന് അർഹമായ ഒരു പെനാൽറ്റി ഉണ്ടായിരുന്നു.എന്നാൽ അത് ലഭിക്കാതെ പോവുകയായിരുന്നു. ഏതായാലും ഇനി ഇന്റർനാഷണൽ ബ്രേക്കിന് ശേഷം മുഹമ്മദൻ എസ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക.