പ്രതിരോധം ദുർബലമാണ് എന്ന അഭിപ്രായമുണ്ടോ? സ്റ്റാറേ വിശദീകരിക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഉള്ളത്.മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വരുന്ന ഞായറാഴ്ചയാണ് ഈ മത്സരം നടക്കുക.കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. തുടർച്ചയായ മൂന്നാമത്തെ എവേ മത്സരമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിക്കാൻ പോകുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് അവസാനത്തെ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന് ആ മത്സരങ്ങൾ വിജയിക്കാൻ സാധിക്കുമായിരുന്നു.കാരണം പലപ്പോഴും അബദ്ധങ്ങൾ വരുത്തി വെച്ചതിന്റെ ഫലമായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടിവന്നത്. ഗോൾകീപ്പറും പ്രതിരോധവും പല സന്ദർഭങ്ങളിലും പിഴവുകൾ വരുത്തി വെച്ചിരുന്നു.
അക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രതിരോധം ദുർബലമാണ് എന്ന അഭിപ്രായം ഉണ്ടോ എന്ന് പരിശീലകനായ സ്റ്റാറേയോട് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ അത്തരത്തിലുള്ള അഭിപ്രായങ്ങൾ ഒന്നും തന്നെ അദ്ദേഹത്തിനില്ല. പക്ഷേ പ്രതിരോധം ഒന്നു കൂടി മെച്ചപ്പെടാനുണ്ട് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ സ്വന്തം ബോക്സിലെ ഞങ്ങളുടെ പ്രതിരോധ തന്ത്രങ്ങൾ തീരെ മോശമാണ് എന്ന അഭിപ്രായം എനിക്കില്ല.പക്ഷേ ഇതിലും നന്നായി കളിക്കാൻ ഞങ്ങൾക്ക് സാധിക്കും.വിജയിക്കുന്ന ഒരു ടീമിന് പ്രധാനമായും വേണ്ടത് സ്ഥിരതയാണ്.പ്രതിരോധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ദിവസവും ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അടുത്ത മത്സരങ്ങളിൽ ആ പുരോഗതി കാണാൻ സാധിക്കും ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്
ഡിഫൻസ് കൂടുതൽ കരുത്ത് പ്രാപിക്കേണ്ടത് അത്യാവശ്യമാണ്. ഡിഫൻസ് മികച്ച പ്രകടനം നടത്തുന്നുണ്ട് എന്നത് ഇന്റർസെപ്ഷനുകളുടെ കണക്കുകൾ തെളിയിച്ചിരുന്നു. പക്ഷേ അനാവശ്യമായി വരുത്തിവെക്കുന്ന പിഴവുകളായിരുന്നു ബ്ലാസ്റ്റേഴ്സിന് വിനയായിരുന്നത്.