പരിതാപകരം.. വളരെ മോശം:ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ ആരാധകർ!
ഐഎസ്എല്ലിൽ കളിച്ച അവസാനത്തെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ബംഗളൂരു എഫ്സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. പിന്നീട് മുംബൈ സിറ്റി രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി.ഈ തോൽവികൾ ബ്ലാസ്റ്റേഴ്സ് ഫാൻസിന് വലിയ നിരാശയാണ് നൽകിയിരിക്കുന്നത്.
മോശം പ്രകടനം നടത്തുന്ന താരങ്ങൾക്കെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകർ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ലഭിക്കുന്നത് റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന സന്ദീപ് സിംഗിനാണ്.കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി അദ്ദേഹം മോശം പ്രകടനമാണ് നടത്തുന്നത്. മുംബൈയ്ക്കെതിരെയുള്ള മത്സരത്തിലും അത് കാണാൻ കഴിഞ്ഞിരുന്നു.
അദ്ദേഹം ഹാർഡ് വർക്ക് ചെയ്യുന്നുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ ഒന്നും ഫലം കാണുന്നില്ല എന്നതാണ് സത്യം.താരത്തിന്റെ ക്രോസുകൾ വളരെ പരിതാപകരമാണ്. വളരെയധികം അലക്ഷ്യമായി പോകുന്ന ഒരുപിടി ക്രോസുകളാണ് അദ്ദേഹത്തിൽ നിന്നും പിറക്കുന്നത്.യാതൊരുവിധ കാര്യക്ഷമതയും അദ്ദേഹത്തിന്റെ ക്രോസ്സുകൾക്ക് ഉണ്ടാവാറില്ല.
മുംബൈക്കെതിരെ വളരെ മോശം ക്രോസുകൾ ഉണ്ടായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റാറേക്ക് മതിയായി. ആദ്യ പകുതിക്ക് ശേഷം സന്ദീപിനെ പിൻവലിച്ച് കോറോ സിങ്ങിനെ അദ്ദേഹം കൊണ്ടുവരികയായിരുന്നു. യഥാർത്ഥത്തിൽ സന്ദീപിന് കോമ്പറ്റീഷൻ നൽകാൻ കഴിയുന്ന ഒരു ശരിക്കുള്ള റൈറ്റ് ബാക്ക് താരം ബ്ലാസ്റ്റേഴ്സ് ടീമിൽ ഇല്ല എന്നതാണ് വസ്തുത.പ്രബീർ ദാസ് നിലവിൽ പരിക്കിൽ നിന്നും പൂർണമായും മുക്തനായിട്ടില്ല.അതുകൊണ്ടുതന്നെയാണ് സന്ദീപിനെ ബ്ലാസ്റ്റേഴ്സിന് കൂടുതൽ ആശ്രയിക്കേണ്ടി വരുന്നത്.
താരം പുരോഗതി കൈവരിച്ചിട്ടില്ലെങ്കിൽ ഇനി അവസരങ്ങൾ ലഭിക്കാൻ കുറവാണ്. അതിന്റെ സൂചന തന്നെയാണ് കോറോ സിങ്ങിന്റെ വരവ്.പ്രബീർ ദാസ് തിരിച്ചെത്തിയാൽ ആ വിങ് കൂടുതൽ മെച്ചപ്പെടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.