നാണക്കേട്,ക്ലീൻ ഷീറ്റ് നേടിയത് 11 മാസങ്ങൾക്ക് മുമ്പ്, മാറിയത് നാല് ഗോൾകീപ്പർമാർ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇതുവരെ മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്. 7 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.മൂന്നു മത്സരങ്ങളിൽ പരാജയപ്പെട്ടു. രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങി.14 ഗോളുകൾ വഴങ്ങിയപ്പോൾ 11 ഗോളുകൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഒരൊറ്റ ക്ലീൻ ഷീറ്റ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടില്ല.
എന്നാൽ ഇതിനേക്കാൾ നാണക്കേട് സൃഷ്ടിക്കുന്ന ഒരു കണക്ക് അവിടെയുണ്ട്.അതായത് കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച 19 മത്സരങ്ങളിൽ ഒന്നിൽ പോലും ക്ലീൻ ഷീറ്റ് നേടാൻ കഴിഞ്ഞിട്ടില്ല.ആ 19 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങിയിട്ടുണ്ട്. നമ്മുടെ ഗോൾകീപ്പർമാരുടെയും പ്രതിരോധനിര താരങ്ങളുടെയും പരിതാപകരമായ ഒരു അവസ്ഥയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
കൃത്യമായി പറഞ്ഞാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാനമായി ബ്ലാസ്റ്റേഴ്സ് ഒരു ക്ലീൻ ഷീറ്റ് നേടുന്നത് 11 മാസങ്ങൾക്ക് മുമ്പാണ്. മോഹൻ ബഗാനെതിരെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ഗോളുകൾ ഒന്നും വഴങ്ങേണ്ടി വന്നിരുന്നില്ല. അതിനുശേഷം കളിച്ച എല്ലാ ഐഎസ്എൽ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങുകയായിരുന്നു.
ഈ കാലയളവിൽ നാല് ഗോൾകീപ്പർമാർ ബ്ലാസ്റ്റേഴ്സ് വല കാത്തിട്ടുണ്ട്. ലാറ ശർമ ഉണ്ടായിരുന്നു,കരൺജിത് സിംഗ് ഉണ്ടായിരുന്നു.സച്ചിൻ സുരേഷ്,സോം കുമാർ എന്നീ താരങ്ങളും ഈ കാലയളവിൽ ഗോൾവല കാത്തിട്ടുണ്ട്.ഇവർക്കെല്ലാവർക്കും തന്നെ ഗോൾ വഴങ്ങേണ്ടി വരികയായിരുന്നു.ഈ സീസണിൽ ഗോൾകീപ്പർമാരും ഡിഫൻസും വലിയ പിഴവുകളാണ് വരുത്തിവെക്കുന്നത്. അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് ക്ലീൻ ഷീറ്റുകൾ ലഭിക്കാത്തത്.