ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനോട് സ്വന്തം മൈതാനത്ത് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ തോറ്റത്.മത്സരത്തിന്റെ ആദ്യപകുതിയിൽ മോശം പ്രകടനമായിരുന്നു. പിന്നീട് പകരക്കാരായി ചില താരങ്ങൾ വന്നതോടുകൂടിയാണ് പ്രകടനം മെച്ചപ്പെട്ടത്.കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയപ്പോഴും അങ്ങനെ തന്നെയാണ് സംഭവിച്ചത്.
പകരക്കാരായി വന്ന താരങ്ങൾ കൂടുതൽ മികച്ച പ്രകടനം നടത്തുകയായിരുന്നു. അതിന്റെ ഫലമായി കൊണ്ട് മത്സരത്തിന്റെ അവസാനത്തിൽ കൂടുതൽ ആക്രമണങ്ങൾ സംഘടിപ്പിക്കാനും ഭീഷണികൾ ഉയർത്താനും ക്ലബ്ബിന് കഴിഞ്ഞു.സ്റ്റാറേയുടെ സബ്സ്റ്റിറ്റ്യൂഷനുകൾ കൂടുതൽ ഫലം കാണുന്നു എന്ന നിരീക്ഷണം ആരാധകർ നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കൃത്യമായ സബ്ബുകൾ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇതേക്കുറിച്ച് മത്സരശേഷം സ്റ്റാറേ തന്നെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നല്ലൊരു സ്റ്റാർട്ടിങ് ലൈനപ്പിന് പുറമേ നല്ലൊരു ഫിനിഷിംഗ് ലൈനപ്പ് കൂടി ബ്ലാസ്റ്റേഴ്സിന് ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് ബെഞ്ച് സ്ട്രെങ്തിനെ പ്രശംസിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.സ്റ്റാറേയുടെ വാക്കുകൾ ഇങ്ങനെയാണ്.
‘ നിലവിൽ ഞങ്ങൾ ഒരു വിന്നിങ് ടീമായി കൊണ്ട് തുടരുന്നതിന്റെ കാരണം ഒരു മികച്ച സ്റ്റാർട്ടിങ് ലൈനപ്പ് ഉണ്ട് എന്നതുകൊണ്ട് മാത്രമല്ല. മികച്ച ഒരു ഫിനിഷിംഗ് ലൈനപ്പ് ഉണ്ട് എന്നുള്ളത് കൊണ്ട് കൂടിയാണ്. ഫുട്ബോളിൽ എല്ലാവരും സ്റ്റാർട്ടിങ് ഇലവനെ കുറിച്ച് മാത്രമാണ് സംസാരിക്കുക. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. അവസാന മിനിട്ടുകളിൽ കളിക്കുന്ന താരങ്ങളെ കുറിച്ച് കൂടി സംസാരിക്കേണ്ടതുണ്ട് ‘ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അടുത്ത മത്സരം അടുത്ത ഞായറാഴ്ചയാണ് അരങ്ങേറുക.നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ആദ്യത്തെ എവേ മത്സരമാണ് ബ്ലാസ്റ്റേഴ്സ് കളിക്കാൻ ഒരുങ്ങുന്നത്. സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ നോർത്ത് ഈസ്റ്റിനു സാധിക്കുന്നുണ്ട്.