ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങളായിരുന്നു ബംഗളൂരു കളിച്ചിരുന്നത്.അതിൽ ഒന്നിൽ പോലും അവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നില്ല. ഏറ്റവും ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിനെയായിരുന്നു അവർ പരാജയപ്പെടുത്തിയിരുന്നത്. എന്നാൽ അവരുടെ അപരാജിത കുതിപ്പ് ഇന്നലെ അവസാനിച്ചിട്ടുണ്ട്.എഫ്സി ഗോവയാണ് അവരെ നാണം കെടുത്തി വിട്ടത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മത്സരത്തിൽ ബംഗളൂരു പരാജയപ്പെട്ടത്.
മത്സരത്തിൽ മികച്ച പ്രകടനം നടത്തിയതും ഗോവ തന്നെയാണ്. ഈ വലിയ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത് ബംഗളൂരുവിന് നാണക്കേട് സൃഷ്ടിക്കുന്ന കാര്യമാണ്. ഇക്കാര്യത്തിൽ അവരുടെ പരിശീലകനായ ജെറാർഡ് സരഗോസ പ്രതികരിച്ചിട്ടുണ്ട്.ഗോവ അർഹിച്ച വിജയമാണ് സ്വന്തമാക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ബംഗളൂരു മിസ്റ്റേക്കുകൾ വരുത്തിവെച്ചു എന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. പരിശീലകന്റെ വാക്കുകൾ നോക്കാം.
‘ ആദ്യപകുതിയിൽ ഞങ്ങൾ മികച്ച പ്രകടനമാണ് നടത്തിയത്. പക്ഷേ പിന്നീട് ഞങ്ങൾ രണ്ട് മിസ്റ്റേക്കുകൾ വരുത്തിവെച്ചു.ഞാൻ അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ല.മികച്ച രൂപത്തിൽ ബിൽഡപ്പ് ചെയ്യാൻ ഞങ്ങൾക്ക് ഈ മത്സരത്തിൽ കഴിഞ്ഞില്ല.അതാണ് തിരിച്ചടിയായത്.അതേസമയം അവർ ഗോളുകൾ നേടുകയും ചെയ്തു.ഗോവ ഈ മത്സരത്തിൽ ഞങ്ങളെ നന്നായി പ്രസ് ചെയ്തു. ഞങ്ങൾക്ക് സ്പേസുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഗോൾ നേടിയതിന് ശേഷം കാര്യങ്ങൾ വളരെ വേഗത്തിലായി. അതോടെ വീണ്ടും ഗോളുകൾ വഴങ്ങേണ്ടിവന്നു ‘ഇതാണ് ബംഗളൂരു പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പരാജയപ്പെട്ടെങ്കിലും ബംഗളൂരു തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 7 മത്സരങ്ങളിൽ നിന്ന് 5 വിജയങ്ങളാണ് അവർ നേടിയിട്ടുള്ളത്.16 പോയിന്റാണ് അവർക്കുള്ളത്. കഴിഞ്ഞ മത്സരത്തിൽ ബംഗളൂരുവിനെക്കാൾ മികച്ച പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. പക്ഷേ പിഴവുകൾ കൊണ്ടും നിർഭാഗ്യം കൊണ്ടുമാണ് ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.