ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലാണ് നാമിപ്പോൾ ഉള്ളത്. ഇന്ത്യൻ ഫുട്ബോളിന്റെ ത്വരിതഗതിയിലുള്ള വളർച്ചക്ക് കാരണമാവാൻ ഇന്ത്യൻ സൂപ്പർ ലീഗിന് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഐഎസ്എൽ വന്നതോടുകൂടിയാണ് ഇന്ത്യയിൽ ഫുട്ബോൾ കൂടുതൽ ജനപ്രിയമായി തുടങ്ങിയത്. ഓരോ സീസൺ കൂടുമ്പോഴും കൂടുതൽ ആരാധകരെ ഉണ്ടാക്കിയെടുക്കാൻ ഐഎസ്എല്ലിന് സാധിക്കുന്നുണ്ട്.
പോരായ്മകൾ പലതുണ്ടെങ്കിലും ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവം തന്നെ സൃഷ്ടിക്കാൻ ഐഎസ്എല്ലിന് സാധിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഭാവിയിലേക്ക് ലീഗിനെ കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ടിയുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.പ്രത്യേകിച്ച് ലീഗിന്റെ നിലവാരം ഉയർത്താൻ സാങ്കേതിക വിദ്യകൾ ആവശ്യമാണ്. അധികം വൈകാതെ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിൽ VAR ടെക്നോളജി നടപ്പിലാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് അധികൃതർ ഉള്ളത്.
ഇതിനിടെ ഇന്ത്യൻ സൂപ്പർ ലീഗ് തങ്ങളുടെ മാർഗ്ഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഗൈഡ് ലൈൻ അധികം വൈകാതെ തന്നെ നിലവിൽ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പ്രധാനപ്പെട്ട മാറ്റങ്ങൾ അവിടെ സംഭവിക്കുന്നുണ്ട്. അതിലൊന്ന് സാലറി ക്യാപ്പിന്റെ കാര്യം തന്നെയാണ്. താരങ്ങളെ സൈൻ ചെയ്യുമ്പോൾ ക്ലബ്ബുകളെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തുന്നത് സാലറി ക്യാപ്പുകൾ തന്നെയായിരുന്നു. 16.5 കോടിക്ക് മുകളിൽ ക്ലബ്ബുകളുടെ സാലറി വരാൻ പാടില്ലായിരുന്നു.
എന്നാൽ അതിൽ മാറ്റം വരുകയാണ്.ഇനി ക്ലബ്ബുകൾക്ക് അവർക്ക് വേണ്ട താരങ്ങളെ സൈൻ ചെയ്യാം.സാലറി ക്യാപ്പ് തടസ്സമാവില്ല.ഈ നിയന്ത്രണം ഐഎസ്എൽ എടുത്തു മാറ്റുകയാണ്.അതുകൊണ്ടുതന്നെ കൂടുതൽ പണം ഒഴുക്കാൻ ക്ലബ്ബുകൾക്ക് സാധിക്കും,ഫലമായി കൂടുതൽ സൂപ്പർതാരങ്ങളും മികച്ച താരങ്ങളും ലീഗിലേക്ക് വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല ഇക്കാലമത്രയും സൈനിങ്ങ് ഓൺ ഫീ സാലറി ക്യാപ്പിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.ഇതും എടുത്തു മാറ്റിയിട്ടുണ്ട്.
ഇതും ടീമുകൾക്ക് ഗുണകരമാകുന്ന ഒരു കാര്യം തന്നെയാണ്.സ്വതന്ത്രമായി പണം ചിലവഴിക്കാനുള്ള ഒരു സാഹചര്യം ഇവിടെയുണ്ടാകും. അങ്ങനെ ഉണ്ടായാൽ മാത്രമേ ലീഗ് വളരുകയുള്ളൂ. പുതിയ ഗൈഡ് ലൈനുകൾ നിലവിൽ വരുന്നതോടുകൂടി കൂടുതൽ മികച്ച താരങ്ങളും വിദേശ താരങ്ങളും ലീഗിലേക്ക് എത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതൽ ഇൻവെസ്റ്റ്മെന്റുകൾ ഇന്ത്യൻ സൂപ്പർ ലീഗിന് ലഭിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലീഗിന്റെ വളർച്ചയ്ക്ക് സഹായിക്കും എന്ന കണക്കുകൂട്ടലിൽ തന്നെയാണ് ആരാധകർ ഉള്ളത്. ഈ വിവരങ്ങളൊക്കെ തന്നെയും മാർക്കസ് മർഗുലാവോയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.