നെയ്മർ ഇപ്പോൾ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന്റെ താരമാണ്.എന്നാൽ ഈ സീസണിൽ വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. പിന്നീട് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ബാക്കിയുള്ള എല്ലാ മത്സരങ്ങളും നഷ്ടമായി. പക്ഷേ നെയ്മറുടെ അഭാവത്തിലും മിന്നുന്ന പ്രകടനമാണ് അൽ ഹിലാൽ നടത്തിയത്. ഒരുപാട് കിരീടങ്ങൾ അവർ സ്വന്തമാക്കി. കഴിഞ്ഞ കിങ്സ് കപ്പ് ഫൈനലിൽ അൽ നസ്റിനെ തോൽപ്പിച്ച് കൊണ്ട് ആ കിരീടവും അവർ ഷെൽഫിലേക്ക് എത്തിച്ചിരുന്നു.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു നെയ്മർ പിഎസ്ജി വിട്ടത്.പിഎസ്ജി ആവശ്യപ്പെട്ടതുകൊണ്ടായിരുന്നു അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടി വന്നത്. തന്റെ മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചുവരാൻ ബ്രസീലിയൻ താരത്തിന് താല്പര്യമുണ്ടായിരുന്നു.എന്നാൽ സാവി സമ്മതിച്ചില്ല.നെയ്മറെ തിരികെ കൊണ്ടുവരേണ്ടതില്ല എന്ന് അദ്ദേഹം ക്ലബ്ബിനോട് ആവശ്യപ്പെടുകയായിരുന്നു.ഇതോടെയാണ് നെയ്മറുടെ മുന്നിലുള്ള എല്ലാ സാധ്യതകളും അവസാനിച്ചത്.തുടർന്ന് നെയ്മർ അൽ ഹിലാലിലേക്ക് പോയി.90 മില്യൺ യുറോയാണ് ട്രാൻസ്ഫർ തുകയായി കൊണ്ട് ഈ ഫ്രഞ്ച് ക്ലബ്ബിന് ലഭിച്ചത്.
പക്ഷേ ഇപ്പോൾ സാവിയുടെ ക്ലബ്ബിലെ ഇപ്പോഴത്തെ ജോലി അവസാനിച്ചിട്ടുണ്ട്. അദ്ദേഹത്തെ പ്രസിഡന്റ് ലാപോർട്ട പുറത്താക്കിക്കൊണ്ട് പകരം ഹാൻസി ഫ്ലിക്കിനെ കൊണ്ടുവന്നു.ഇനി അദ്ദേഹത്തിന്റെ താല്പര്യപ്രകാരമുള്ള താരങ്ങളെയാണ് സമ്മർ ട്രാൻസ്ഫർ വിന്റോയിൽ കൊണ്ടുവരിക. ഇതുമായി ബന്ധപ്പെട്ട ഒരു റൂമർ മാർസെലോ ബെച്ച്ലർ പങ്കുവെച്ചിട്ടുണ്ട്.സാവി പോയതോടുകൂടി നെയ്മർ ബാഴ്സയിലേക്ക് മടങ്ങി എത്താനുള്ള സാധ്യത വർദ്ധിച്ചു എന്നാണ് റിപ്പോർട്ട്. ഇതുവരെ സാവിയായിരുന്നു തടസ്സം.ആ തടസ്സമാണ് ഇപ്പോൾ നീങ്ങിയിട്ടുള്ളത്.
പക്ഷേ നെയ്മർ അൽ ഹിലാൽ വിടാൻ തയ്യാറാവുമോ എന്നുള്ളത് വ്യക്തമല്ല.അടുത്ത സീസണിൽ താൻ അൽ ഹിലാലിൽ തന്നെ ഉണ്ടാകും എന്നത് ഇദ്ദേഹം തന്നെ തുറന്നു പറഞ്ഞിരുന്നു. പക്ഷേ ബാഴ്സ താരത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തിയാൽ തീർച്ചയായും നെയ്മർ അത് പരിഗണിച്ചേക്കും.നിലവിൽ ബാഴ്സക്ക് നെയ്മറെ പോലെയുള്ള ഒരു സ്റ്റാറിനെ ആവശ്യമുണ്ട്.ഏതായാലും ഫ്ലിക്കിനെ ആശ്രയിച്ചു കൊണ്ടാണ് ഇതിന്റെ സാധ്യതകൾ എല്ലാം നിലനിൽക്കുന്നത്.