നെയ്മറുടെ ട്രാൻസ്ഫർ വാർത്തകൾ പതിവുപോലെ ഈ ട്രാൻസ്ഫർ വിൻഡോയിലും മുമ്പിൽ തന്നെയുണ്ട്. ഓരോ ട്രാൻസ്ഫർ വിൻഡോയിലും നെയ്മർ വാർത്തകൾ പുറത്തേക്ക് വരാറുണ്ട്.പിഎസ്ജി വിടാൻ കൊതിക്കുന്ന നെയ്മറെ ഒരിക്കൽ കൂടി ടീമിലേക്ക് എത്തിക്കാൻ ബാഴ്സലോണക്ക് താല്പര്യമുണ്ട് എന്നായിരുന്നു വാർത്തകൾ. ബാഴ്സ പിഎസ്ജിയുമായി ഒരു കാര്യത്തിൽ ഒഴികെ കരാറിൽ എത്തിയതായും ഫോബ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
സാലറിയുടെ കാര്യത്തിൽ മാത്രമായിരുന്നു ഇരു ക്ലബ്ബുകൾക്കും യോജിക്കാനാവാതിരുന്നത്. അതായത് നെയ്മറുടെ സാലറി വഹിക്കാൻ പിഎസ്ജിയോട് കൂടി ബാഴ്സ ആവശ്യപ്പെടുകയും അത് ക്ലബ്ബ് അംഗീകരിക്കാതിരിക്കുകയും ചെയ്തിരുന്നു. ബാക്കി എല്ലാ കാര്യങ്ങളിലും രണ്ട് ടീമുകളും ധാരണയായെന്നും സാലറിയുടെ പ്രശ്നം കൂടി പരിഹരിക്കപ്പെട്ടാൽ നെയ്മർ ജൂനിയർ അടുത്ത സീസണിൽ ബാഴ്സ ജേഴ്സി ഒരിക്കൽ കൂടി ധരിക്കുമെന്നായിരുന്നു പലരുടെയും റിപ്പോർട്ടുകൾ.
പക്ഷേ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഇത് തള്ളിക്കളഞ്ഞിട്ടുണ്ട്. അതായത് നെയ്മറുടെ കാര്യത്തിൽ ബാഴ്സലോണയും പിഎസ്ജിയും തമ്മിൽ യാതൊരുവിധ കോൺട്രാക്ടിലും എത്തിയിട്ടില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. നെയ്മറുമായി ബാഴ്സയും ഒരു വിധത്തിലുള്ള ധാരണയിലും എത്തിയിട്ടില്ല.
നെയ്മർക്ക് ബാഴ്സയിലേക്ക് വരാൻ ആഗ്രഹമുണ്ട്. പക്ഷേ നെയ്മർ ബാഴ്സയുടെ പ്ലാനുകളിൽ ഇല്ല എന്നത് നേരത്തെ തന്നെ സാവി പറഞ്ഞ ഒരു കാര്യമാണ്. നെയ്മറുടെ സാലറിയും ഇഞ്ചുറി റെക്കോർഡുമൊക്കെ ബാഴ്സയെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്ന കാര്യമാണ്.