പെനാൽറ്റി നഷ്ടപ്പെടുത്തിക്കൊണ്ട് തുടങ്ങി,പിന്നീട് കത്തിക്കയറൽ, ഒടുവിൽ രാജാവിന്റെ റെക്കോർഡും തകർത്തു.
നെയ്മർ ജൂനിയർ പുതിയ സീസണിൽ വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടേയൊള്ളൂ.അൽ ഹിലാലിലേക്ക് പോയതുകൊണ്ട് വിമർശനങ്ങൾ ഒരു ഭാഗത്തു നിൽക്കുന്ന സമയത്താണ് നെയ്മർ ബ്രസീലിയൻ നാഷണൽ ടീമിലേക്ക് മടങ്ങിയെത്തുന്നത്. വേൾഡ് കപ്പിനുശേഷം നെയ്മർ ബ്രസീലിനു വേണ്ടി കളിച്ചിരുന്നില്ല.ബൊളീവിയക്കെതിരെയുള്ള മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ തന്നെ നെയ്മർ ഉണ്ടായിരുന്നു.
തുടക്കം പിഴച്ചു കൊണ്ടാണ് നെയ്മർക്ക് ആരംഭിക്കേണ്ടി വന്നത്.ലഭിച്ച പെനാൽറ്റി നെയ്മർ പാഴാക്കി. വളരെ എളുപ്പത്തിൽ ബൊളീവിയ ഗോൾകീപ്പർ അത് കൈപ്പിടിയിൽ ഒതുക്കി.പക്ഷേ അതിനുശേഷം നെയ്മർ നടത്തിയ ഒരു പ്രകടനമുണ്ട്.അസാധാരണമായ പ്രകടനം.മൈതാനം മുഴുവനും നെയ്മർ ജൂനിയറായിരുന്നു. ഒരു തകർപ്പൻ സോളോ മുന്നേറ്റം ഉണ്ടായിരുന്നു. നിരവധി താരങ്ങളെ മറികടന്നെങ്കിലും ഗോൾകീപ്പറെ മറികടക്കാൻ നെയ്മർക്ക് കഴിഞ്ഞില്ല. അല്ലായിരുന്നുവെങ്കിൽ കിടിലൻ ഗോളായി മാറിയേനെ.
സെക്കൻഡ് ഹാഫിന്റെ തുടക്കത്തിൽ റാഫിഞ്ഞ ഗോൾ നേടിയപ്പോൾ നെയ്മർ ആയിരുന്നു അസിസ്റ്റ്.പിന്നീട് നെയ്മറുടെ വക രണ്ടു ഗോളുകൾ.രണ്ടും മികച്ച ഫിനിഷിംഗ് ആയിരുന്നു. കൂടാതെ ഒരു തകർപ്പൻ ഷോട്ട് ക്രോസ് ബാറിൽ ഇടിച്ചു കൊണ്ട് മടങ്ങുകയും. നെയ്മർ ഇന്ന് ഒരു നാല് ഗോൾ എങ്കിലും നേടേണ്ട ഇടത്താണ് രണ്ട് ഗോളിൽ ഒതുങ്ങിയത്. പക്ഷേ മൈതാനത്ത് നെയ്മർ തന്നെയായിരുന്നു കളി നിയന്ത്രിച്ചിരുന്നത്.
ഫുട്ബോൾ രാജാവായ പെലെയുടെ റെക്കോർഡ് തകർത്തുകൊണ്ടാണ് നെയ്മർ കളം വിട്ടത്. 77 ഗോളുകൾ നേടിയ പെലെക്കൊപ്പമായിരുന്നു ഇതുവരെ നെയ്മറുടെ സ്ഥാനം. രണ്ട് ഗോളുകൾ കൂടി നേടിയതോടെ പെലെയുടെ റെക്കോർഡ് തകർന്നു. അതായത് ബ്രസീലിന്റെ നാഷണൽ ടീമിന് വേണ്ടി ഇന്ന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം നെയ്മർ ജൂനിയറാണ്.