എൻഡ്രിക്കിന് സിൽവയുടെ പരിഹാസം,നെയ്മർ ആരാധകരുടെ പൊങ്കാല,പുലിവാല് പിടിച്ചത് നെയ്മർ-ബെല്ലിങ്ങ്ഹാം വിഷയത്തിൽ!
ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്ക് നിലവിൽ റയൽ മാഡ്രിഡ് ടീമിനോടൊപ്പമാണ് ഉള്ളത്. ടീമിന് വേണ്ടി കളിച്ചു തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.പക്ഷേ അധികം വൈകാതെ താരം ക്ലബ്ബുമായി അഡാപ്റ്റാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഇതിനിടെ താരം ഒരു വിവാദത്തിൽ അകപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം എൻഡ്രിക്കിന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു.പ്രിയപ്പെട്ട താരങ്ങളെ തിരഞ്ഞെടുക്കാൻ ആയിരുന്നു അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നത്. നെയ്മർ ജൂനിയർ ഓർ ബെല്ലിങ്ങ്ഹാം എന്ന ചോദ്യത്തിന് ബെല്ലിങ്ങ്ഹാം എന്നാണ് ഈ ബ്രസീലിയൻ താരം മറുപടി പറഞ്ഞത്. അതായത് എൻഡ്രിക്കിന്റെ അഭിപ്രായത്തിൽ നെയ്മറെക്കാള്‍ മികച്ച താരം ബെല്ലിങ്ങ്ഹാമാണ്.
ഇത് നെയ്മർ ആരാധകരെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.എൻഡ്രിക്കിന്റെ ഇൻസ്റ്റഗ്രാം കമന്റ് ബോക്സിൽ വലിയ പൊങ്കാലയാണ് ഇപ്പോൾ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നെയ്മർ ആരാധകരുടെ രൂക്ഷ വിമർശനത്തിനാണ് എൻഡ്രിക്ക് ഇപ്പോൾ ഇരയായി കൊണ്ടിരിക്കുന്നത്. ബ്രസീലിയൻ താരമായ എൻഡ്രിക്ക് നെയ്മറെ അപമാനിച്ചു എന്നാണ് പലരും ആരോപിക്കുന്നത്. സ്വന്തം രാജ്യത്തെ താരങ്ങൾക്ക് എൻഡ്രിക്ക് ഒരു ബഹുമാനവും നൽകുന്നില്ലെന്നും നെയ്മർ ഫാൻസ് ഇപ്പോൾ ആരോപിച്ചിട്ടുണ്ട്.
അതേസമയം ബ്രസീലിയൻ ഇതിഹാസമായ തിയാഗോ സിൽവ ഈ വിഷയത്തിൽ എൻഡ്രിക്കിനെ പരിഹസിച്ചിട്ടുണ്ട്.എൻഡ്രിക്ക് ബെല്ലിങ്ങ്ഹാമിനെ തിരഞ്ഞെടുക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോയുടെ കമന്റ് ബോക്സിലാണ് തിയാഗോ സിൽവ മൂന്ന് ലാഫിങ് ഇമോജികൾ ഇട്ടിട്ടുള്ളത്.എൻഡ്രിക്കിന്റെ അഭിപ്രായത്തെ കളിയാക്കിക്കൊണ്ട് ഇരിക്കുക തന്നെയാണ് സിൽവ ചെയ്തിട്ടുള്ളത്. ഏതായാലും ഈ വിഷയത്തിൽ ഇപ്പോൾ എൻഡ്രിക്ക് പുലിവാല് പിടിച്ചിരിക്കുകയാണ്. നെയ്മർ ആരാധകർ താരത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.
നിലവിൽ നെയ്മർ സൗദി അറേബ്യയിലാണ് ഉള്ളത്.പരിക്കിൽ നിന്നും മുക്തനായി കൊണ്ടിരിക്കുകയാണ് അദ്ദേഹം. ബ്രസീലിയൻ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് നെയ്മർ. ഉടൻതന്നെ ബ്രസീൽ ടീമിലേക്ക് മടങ്ങിയെത്താൻ വേണ്ടിയുള്ള ശ്രമങ്ങളാണ് അദ്ദേഹം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.