കഴിഞ്ഞ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ അർജന്റീന വിജയം നേടിയിരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ തോൽപ്പിച്ചത്. മത്സരത്തിൽ മെസ്സി മികച്ച പ്രകടനം നടത്തിയിരുന്നു.ഒരു അസിസ്റ്റ് മെസ്സി നേടിയിരുന്നു. രണ്ട് ബിഗ് ചാൻസുകൾ അദ്ദേഹം നഷ്ടപ്പെടുത്തിയത് ആരാധകർക്ക് ഒരല്പം നിരാശ നൽകി.
മത്സരത്തിൽ അസിസ്റ്റ് സ്വന്തമാക്കിയതോടുകൂടി അർജന്റീനക്ക് വേണ്ടി മെസ്സി 55 അസിസ്റ്റുകൾ പൂർത്തിയാക്കി കഴിഞ്ഞു. അർജന്റീനക്ക് വേണ്ടി ആകെ 183 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 108 ഗോളുകളും 55 അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം നിലവിൽ മെസ്സിയാണ്. ഇറാനിയൻ ഇതിഹാസം അലി ദേയിക്കൊപ്പം മെസ്സി ഈ റെക്കോർഡ് പങ്കിടുകയാണ്.
ഒന്നാം സ്ഥാനത്ത് വരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.അതേസമയം ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം നെയ്മർ ജൂനിയറാണ്. ബ്രസീലിന് വേണ്ടി 59 അസിസ്റ്റുകളാണ് നെയ്മർ നേടിയിട്ടുള്ളത്. അദ്ദേഹത്തിന് പുറകിലാണ് 55 അസിസ്റ്റുകൾ നേടിയ ലയണൽ മെസ്സി വരുന്നത്.നെയ്മർ ജൂനിയർ ഈ കോപ്പ അമേരിക്കയിൽ പരിക്ക് കാരണം പങ്കെടുക്കുന്നില്ല.അതുകൊണ്ടുതന്നെ നെയ്മറെ മറികടക്കാനുള്ള അവസരം ഇപ്പോൾ മെസ്സിക്ക് മുന്നിൽ ഉണ്ട്.
അതായത് 5 അസിസ്റ്റുകൾ കൂടി നേടിക്കഴിഞ്ഞാൽ മെസ്സിക്ക് നെയ്മർ ജൂനിയർ മറികടക്കാൻ കഴിയും.ബ്രസീലിന് വേണ്ടി എപ്പോഴും മികച്ച പ്രകടനം നടത്തുന്ന താരമാണ് നെയ്മർ ജൂനിയർ.128 മത്സരങ്ങൾ കളിച്ച നെയ്മർ 79 ഗോളുകളാണ് നേടിയിട്ടുള്ളത്. ബ്രസീലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം നെയ്മർ ജൂനിയറാണ്.ഇതിനുപുറമെയാണ് 59 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. ഏതായാലും നെയ്മറുടെ റെക്കോർഡ് തകർക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ മെസ്സിയുള്ളത്.