മെസ്സി പറഞ്ഞത് കേട്ടിരുന്നുവെങ്കിൽ എനിക്ക് ഒരു ബാലൺഡി’ഓറെങ്കിലും ലഭിക്കുമായിരുന്നു:നെയ്മർ
2017ലായിരുന്നു നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് പോയത്.പുതിയ ഒരു റെക്കോർഡ് തന്നെയായിരുന്നു അവിടെ പിറന്നത്.222 മില്യൺ യൂറോ നൽകിക്കൊണ്ടായിരുന്നു പിഎസ്ജി നെയ്മറെ സ്വന്തമാക്കിയത്.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഫർ തുക ഇതാണ്.ഈ റെക്കോർഡ് തകർക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.
കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കാൻ വേണ്ടിയാണ് നെയ്മർ ജൂനിയർ ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് പോയത്. പക്ഷേ ബാഴ്സയിലെ മികവ് ആവർത്തിക്കാൻ അദ്ദേഹത്തിന് അവിടെ കഴിഞ്ഞില്ല.മാത്രമല്ല പരിക്കുകൾ എപ്പോഴും വില്ലനായി. കരിയറിൽ ഉയർച്ചയ്ക്ക് പകരം താഴ്ചയാണ് നെയ്മർക്ക് അവിടെ സംഭവിച്ചത്. ഒടുവിൽ ക്ലബ്ബിന്റെ നിർബന്ധപ്രകാരം സൗദിയിലേക്ക് പോലും നെയ്മർക്ക് പോകേണ്ടിവന്നു.
നെയ്മർ ജൂനിയർ നേരത്തെ ബാഴ്സലോണ വിട്ട സാഹചര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു.ലയണൽ മെസ്സി നെയ്മറോട് ബാഴ്സലോണയിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിരുന്നു.ബാലൺഡി’ഓർ നേടിത്തരാൻ സഹായിക്കാമെന്ന് മെസ്സി വാഗ്ദാനം നൽകിയിരുന്നു.അന്ന് മെസ്സി പറഞ്ഞത് കേട്ട് ബാഴ്സയിൽ തന്നെ തുടർന്നിരുന്നുവെങ്കിൽ തനിക്ക് ബാലൺഡി’ഓർ ലഭിക്കുമായിരുന്നു എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
ഞാൻ ബാഴ്സ വിടാൻ തീരുമാനിച്ച സമയത്ത് ഇക്കാര്യം ലയണൽ മെസ്സിയോട് സംസാരിച്ചു.എന്റെ തീരുമാനത്തെ മെസ്സി ബഹുമാനിച്ചിരുന്നു.ബാലൺഡി’ഓർ നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ക്യാമ്പ് നൗവിൽ തന്നെ തുടരാൻ മെസ്സി എന്നോട് പറഞ്ഞു. പാരീസിൽ പോയാൽ ബാലൺഡി’ഓർ ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇവിടെ തുടർന്നാൽ ബാലൺഡി’ഓർ നേടിത്തരാമെന്ന് മെസ്സി എന്നോട് സത്യം ചെയ്തു. പക്ഷേ ഞാൻ ക്ലബ്ബ് വിടാൻ തീരുമാനിച്ചിരുന്നു. ഞാൻ മെസ്സിയോട് എല്ലാത്തിനും നന്ദി പറഞ്ഞു.ബാഴ്സലോണയിൽ എന്നെ ഒരുപാട് സഹായിച്ചത് മെസ്സിയാണ്.എന്നെ സ്റ്റാറാക്കിയത് മെസ്സിയാണ്. ഒരുപക്ഷേ ഞാൻ അന്ന് അവിടെ തുടർന്നുവെങ്കിൽ ഒരു ബാലൺഡി’ഓർ എങ്കിലും ഞാൻ നേടുമായിരുന്നു,നെയ്മർ പറഞ്ഞു.
നെയ്മർ ജൂനിയർ ഇപ്പോൾ ഉള്ളത് സൗദി ക്ലബ്ബായ അൽ ഹിലാലിലാണ്.പരിക്ക് കാരണം കഴിഞ്ഞ ഒരു വർഷത്തോളമായി നെയ്മർ പുറത്താണ്.ഇപ്പോൾ കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പുകളിൽ ആണ് നെയ്മർ ഉള്ളത്. ഉടൻ തന്നെ അദ്ദേഹം തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.