മെസ്സിക്ക് സംഭവിച്ചത് കണ്ടില്ലേ,ഫുട്ബോൾ ഒരിക്കലും വ്യക്തിഗതമല്ലെന്ന് നെയ്മർ ജൂനിയർ!
നെയ്മർക്ക് ഇപ്പോൾ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്. ഒരുപാട് ടാലന്റ് ഉണ്ടായിട്ടും അത് കൃത്യമായി ഉപയോഗപ്പെടുത്താൻ സാധിക്കാതെ പോയ താരങ്ങളിൽ ഒരാളായി കൊണ്ടാണ് പലരും നെയ്മറെ വിശേഷിപ്പിക്കുന്നത്. കൂടാതെ തുടർച്ചയായ പരിക്കുകൾ അദ്ദേഹത്തിന്റെ കരിയറിന് കോട്ടം തട്ടിച്ചിട്ടുണ്ട്. തന്റെ കരിയറിൽ പറയത്തക്ക വിധമുള്ള വലിയ നേട്ടങ്ങളൊന്നും നെയ്മർ നേടിയിട്ടില്ല.
ഈ വിമർശനങ്ങളോടൊക്കെ നെയ്മർ പ്രതികരിച്ചു കഴിഞ്ഞു. തന്റെ ടാലന്റ് എന്താണ് എന്നത് കൃത്യമായി തനിക്കറിയാമെന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. ഫുട്ബോൾ ഒരിക്കലും വ്യക്തിഗതമല്ലെന്നും മെസ്സിക്ക് സംഭവിച്ചത് നോക്കുവെന്നും നെയ്മർ പറഞ്ഞിട്ടുണ്ട്.
എന്റെ ടാലന്റ് എന്താണ് എന്നത് എനിക്കറിയാം.എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നുള്ളതും എനിക്കറിയാം.ലോകത്തെ മികച്ച താരങ്ങൾക്ക് എപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടിവരും.ഫുട്ബോൾ ഒരിക്കലും വ്യക്തിഗതമല്ല. മെസ്സിയുടെ കാര്യത്തിൽ നമ്മൾ അത് കണ്ടതാണ്.അർജന്റീന നാഷണൽ ടീമിൽ അദ്ദേഹം നന്നായി ബുദ്ധിമുട്ടിയിരുന്നു, പക്ഷേ ഒടുവിൽ വേൾഡ് കപ്പ് മെസ്സി നേടി. കാരണം അവിടെ മെസ്സിയെ സഹായിക്കാനും അദ്ദേഹത്തിന് വേണ്ടി കളിക്കാനും ഒരു കൂട്ടമുണ്ടായിരുന്നു,നെയ്മർ പറഞ്ഞു.
കഴിഞ്ഞ സീസണിൽ തുടക്കത്തിൽ മികച്ച പ്രകടനമായിരുന്നു നെയ്മർ നടത്തിയിരുന്നത്. എന്നാൽ വേൾഡ് കപ്പും അതിനുശേഷമുള്ള പരിക്കും നെയ്മർക്ക് തിരിച്ചടിയായി.