അങ്ങനെ സംഭവിച്ചാൽ അടുത്ത വർഷം തന്നെ മെസ്സി വിരമിക്കാൻ സാധ്യതയുണ്ട്:ടാഗ്ലിയാഫിക്കോക്ക് മെസ്സിയെ കുറിച്ച് പറയാനുള്ളത്.

ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനം വേൾഡ് കപ്പാണെന്ന് ലയണൽ മെസ്സി ആവർത്തിച്ചാവർത്തിച്ച് പറഞ്ഞതാണ്.വേൾഡ് കപ്പിന്റെ ഫൈനലിന്റെ തൊട്ടു മുന്നേ പോലും ലയണൽ മെസ്സി ഇക്കാര്യം ആവർത്തിച്ചിരുന്നു. കാലത്തിന്റെ കാവ്യനീതി എന്നോണം മെസ്സി വേൾഡ് കപ്പ് നേടി. ഇപ്പോൾ എല്ലാ സമ്മർദ്ദങ്ങളും ഇറക്കി വെച്ചുകൊണ്ടാണ് ലയണൽ മെസ്സി കളിക്കുന്നത്. അടുത്ത വേൾഡ് കപ്പിലും മെസ്സി ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

ലയണൽ മെസ്സി അടുത്ത വേൾഡ് കപ്പ് കളിക്കണമെന്ന് തന്നെയാണ് അർജന്റീനയിലെ എല്ലാവരും ആഗ്രഹിക്കുന്നത്.പക്ഷേ മെസ്സി ഇക്കാര്യത്തിൽ യാതൊരുവിധ ഉറപ്പുകളും നൽകിയിട്ടില്ല.2026 വേൾഡ് കപ്പിൽ മെസ്സി കളിക്കാൻ വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്. ഈ ചോദ്യം വന്നിരിക്കുന്നത് അർജന്റീന സൂപ്പർതാരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോയോട്. അദ്ദേഹം തന്റെ നിരീക്ഷണം ഇവിടെ പങ്കുവെച്ചിട്ടുണ്ട്.

അതായത് കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീനക്ക് ലഭിച്ചില്ലായിരുന്നുവെങ്കിൽ മെസ്സി കഴിഞ്ഞ വർഷം തന്നെ വിരമിക്കാൻ സാധ്യതയുണ്ടായിരുന്നു എന്നാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്. അടുത്ത വർഷത്തെ കോപ്പ അമേരിക്ക കിരീടം നേടിയാൽ 2026 വേൾഡ് കപ്പ് ലയണൽ മെസ്സി കളിച്ചേക്കും എന്നും അദ്ദേഹം പറഞ്ഞു. അടുത്ത കോപ്പ അർജന്റീനക്ക് ലഭിച്ചിട്ടില്ലെങ്കിൽ മെസ്സി വിരമിക്കാനുള്ള സാധ്യതകളെ ഇദ്ദേഹം തുറന്നു കാണിക്കുന്നുണ്ട്.

അടുത്തവർഷം കോപ്പ അമേരിക്ക കിരീടം നേടുക എന്നതാണ് 2026 വേൾഡ് കപ്പിൽ ലയണൽ മെസ്സി പങ്കെടുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം.ഞങ്ങൾ ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ലയണൽ മെസ്സി ഇതിനോടകം തന്നെ അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിക്കുമായിരുന്നു.പക്ഷേ മെസ്സി വേൾഡ് കപ്പ് നേടി, അത് അദ്ദേഹത്തിന് ആസ്വദിക്കേണ്ടതുണ്ട്. ഈ മാസങ്ങൾ ആസ്വദിക്കാൻ വേണ്ടിയാണ് അദ്ദേഹം ഞങ്ങളോടൊപ്പം ഉള്ളത്. ഞങ്ങൾ അടുത്തവർഷം അമേരിക്കയിൽ വച്ചുകൊണ്ട് കോപ്പ അമേരിക്ക സ്വന്തമാക്കിയാൽ, തീർച്ചയായും ലയണൽ മെസ്സി ഞങ്ങളോടൊപ്പം തുടരുക തന്നെ ചെയ്യും,ടാഗ്ലിയാഫിക്കോ പറഞ്ഞു.

2026 വേൾഡ് കപ്പ് അരങ്ങേറുമ്പോഴേക്കും ലയണൽ മെസ്സിക്ക് 39 വയസ്സാകും. നിലവിൽ ലയണൽ മെസ്സി അമേരിക്കയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത വർഷത്തെ കോപ്പ അമേരിക്കയും 2026 വേൾഡ് കപ്പും അമേരിക്കയിൽ വച്ചുകൊണ്ട് തന്നെയാണ് നടക്കുന്നത്.അതുകൊണ്ടുതന്നെ ഈ ടൂർണമെന്റുകളിൽ ഒക്കെ തന്നെയും ലയണൽ മെസ്സി പങ്കെടുക്കാൻ തന്നെയാണ് സാധ്യതകൾ.

ArgentinaLionel MessiQatar World Cup
Comments (0)
Add Comment