യുവേഫ യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചുകൊണ്ട് കിരീടം സ്വന്തമാക്കാൻ സ്പെയിനിന് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവരുടെ വിജയം.നിക്കോ വില്യംസിലൂടെ സ്പെയിൻ ആയിരുന്നു ആദ്യം ലീഡ് എടുത്തത്. എന്നാൽ കോൾ പാൽമർ ഇംഗ്ലണ്ടിന് സമനില നേടിക്കൊടുത്തു. പക്ഷേ ഒയർസബാൽ നേടിയ ഗോൾ സ്പെയിനിന് കിരീടം നേടിക്കൊടുക്കുകയായിരുന്നു.
ഈ ടൂർണമെന്റിൽ ഉടനീളം മിന്നുന്ന പ്രകടനമാണ് യുവ പ്രതിഭയായ നിക്കോ വില്യംസ് പുറത്തെടുത്തിട്ടുള്ളത്.ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയതും അദ്ദേഹം തന്നെയാണ്. ഗോൾ നേടിയതിനു ശേഷം നെയ്മർ ജൂനിയറുടെ പ്രശസ്തമായ സെലിബ്രേഷനായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. എന്തുകൊണ്ടാണ് ആ സെലിബ്രേഷൻ അനുകരിച്ചതെന്ന് അദ്ദേഹത്തോട് മത്സരശേഷം ചോദിക്കപ്പെട്ടിരുന്നു.
നെയ്മർ ജൂനിയറെ ഇഷ്ടപ്പെടുന്ന ഒരു താരമാണ് താൻ എന്നത് നേരത്തെ തന്നെ നിക്കോ വ്യക്തമാക്കിയതാണ്. നെയ്മർ തനിക്കൊരു ഇൻസ്പിരേഷനാണ് എന്നാണ് നിക്കോ പറഞ്ഞിട്ടുള്ളത്. നെയ്മറെ അനുകരിക്കാൻ താൻ പലപ്പോഴും ശ്രമിക്കാറുണ്ടെന്നും നിക്കോ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് പരിശോധിക്കാം.
‘നെയ്മർ എനിക്കൊരു ഇൻസ്പിരേഷനാണ്. കുട്ടിക്കാലം മുതലേ അദ്ദേഹത്തിന്റെ കളി കാണുന്നത് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ സ്കില്ലുകൾ അനുകരിക്കാൻ ശ്രമിക്കും. ചില സമയത്ത് അതൊന്നും ശരിയാവില്ല. പക്ഷേ ഞാൻ വളരെയധികം സന്തോഷവാനാണ് ‘ ഇതാണ് നിക്കോ വില്യംസ് പറഞ്ഞിട്ടുള്ളത്.
നിലവിൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ ബിൽബാവോക്ക് വേണ്ടിയാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി പല ക്ലബ്ബുകളും ഇപ്പോൾ മുന്നോട്ടു വന്നിട്ടുണ്ട്.ബാഴ്സക്ക് വലിയ താല്പര്യമുണ്ട്.ബാഴ്സ താരത്തെ സ്വന്തമാക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.