കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ആദ്യ സൈനിങ്ങ് പൂർത്തിയാക്കി കഴിഞ്ഞു എന്നത് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ബ്ലാസ്റ്റേഴ്സ് വെർബൽ എഗ്രിമെന്റിൽ എത്തി കഴിഞ്ഞിട്ടുണ്ട്. ഗോവൻ താരമായ നൂഹ് സദൂയിയാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരാനിരിക്കുന്നത്.ഫ്രീ ട്രാൻസ്ഫറിലാണ് അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്.
അദ്ദേഹത്തിന്റെ ഗോവയുമായുള്ള കോൺട്രാക്ട് ഈ സീസണോടുകൂടി പൂർത്തിയാവുകയാണ്.കരാർ പുതുക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. മറിച്ച് ബ്ലാസ്റ്റേഴ്സ് താരമാവാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഗോവക്ക് ഒപ്പമുള്ള ഈ സീസൺ കഴിഞ്ഞാൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനെ സന്ദർശിക്കും. അതിനുശേഷം മാത്രമാണ് അദ്ദേഹം തന്റെ രാജ്യമായ മൊറോക്കോയിലേക്ക് പോവുക എന്നാണ് അറിയാൻ സാധിക്കുന്നത്. മാത്രമല്ല നൂഹ് ബ്ലാസ്റ്റേഴ്സിലേക്കാണ് എന്നുള്ള കാര്യം പ്രമുഖ ഇന്ത്യൻ മാധ്യമപ്രവർത്തകനായ ആശിഷ് നേഗി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതിന്റെ കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. അതായത് ആകെ 3 വർഷത്തെ കോൺട്രാക്ട് ആണ് താരത്തിന് ബ്ലാസ്റ്റേഴ്സിൽ ലഭിക്കുക.അതിൽ രണ്ടു വർഷത്തെ കോൺട്രാക്ടിൽ സൈൻ ചെയ്യും.പിന്നീട് ഒരു വർഷത്തേക്ക് കൂടി പുതുക്കാനുള്ള ഓപ്ഷൻ ലഭ്യമാകും. അങ്ങനെ 2+1 എന്ന കോൺട്രാക്റ്റാണ് അദ്ദേഹത്തിന് ലഭിക്കുക. മാത്രമല്ല ഒരു വർഷം മൂന്ന് കോടി രൂപ എന്ന വലിയ സാലറിയും അദ്ദേഹത്തിന് ലഭിക്കുമെന്ന് ആശിഷ് നേഗി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ ഇത്രയും വലിയ തുക കേരള ബ്ലാസ്റ്റേഴ്സ് നൽകാൻ തയ്യാറാകുമോ എന്ന കാര്യത്തിൽ ആരാധകർക്ക് സംശയമുണ്ട്. കാരണം കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്നത് താരമായ അഡ്രിയാൻ ലൂണയുടെ ഏറ്റവും ഉയർന്ന സാലറി 3 കോടി രൂപയാണ്. പക്ഷേ പ്രതിസന്ധികൾ കാരണം ഈ സാലറിയിൽ ചെറിയ ഇളവ് അഡ്രിയാൻ ലൂണ വരുത്തിയിരുന്നു എന്നത് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനർത്ഥം 3 കോടി രൂപ നിലവിൽ ലൂണക്ക് സാലറിയായി ലഭിക്കുന്നില്ല.ഈയൊരു അവസരത്തിൽ ലൂണയേക്കാൾ മുകളിൽ നൂഹിനെ കേരള ബ്ലാസ്റ്റേഴ്സ് പരിഗണിക്കുമോ എന്ന കാര്യത്തിൽ ആരാധകർക്ക് സംശയമുണ്ട്.
ഒരുപക്ഷേ ആശിഷ് നേഗി അദ്ദേഹത്തിന്റെ ഒരു ഏകദേശ കണക്ക് പറഞ്ഞതാവാം. ഏതായാലും മികച്ച ഒരു സാലറി നൂഹിന് കേരള ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഗോവക്ക് വേണ്ടി ഈ സീസണലും തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിയുന്നുണ്ട്.ഇന്ത്യൻ സൂപ്പർ ലീഗിൽ 10 ഗോളുകൾ അദ്ദേഹം നേടിയിരുന്നു.വേഗതയാർന്ന മുന്നേറ്റങ്ങൾക്ക് പേരുകേട്ട താരമാണ് നൂഹ്.തീർച്ചയായും അദ്ദേഹം ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.